
വാഷിങ്ടൺ: ഇറാൻ - അമേരിക്ക യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നൽകി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, തുടർ ചർച്ചകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ധാരണാപത്രത്തിൻ്റെ കാലാവധി നീട്ടാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതുമുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഹോർമുസുമായി തെക്കൻ ഭാഗത്ത് അതിർത്തി പങ്കിടുന്ന ഒമാൻ, നിലവിലെ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്ന് ഒന്നിലധികം തവണ ഒമാന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആണ് ഹോർമുസ് കടലിടുക്ക് തുറക്കാനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾ നടത്തുന്നത്.
അതേസമയം ഇതേ അഭിമുഖത്തിൽ ഇറാൻ്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സു (ഐആർജിസി) മായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിൻ്റെ അവകാശവാദം ഐആർജിസി തള്ളി. അമേരിക്കയും ഐആർജിസിയും തമ്മിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസിനോട് പറഞ്ഞു. ട്രംപിൻ്റേത് യുദ്ധത്തിലെ പരാജയവും നിരാശയും മൂലമുള്ള മിഥ്യാധാരണകൾ മാത്രമാണെന്നാണ് ഹുസൈൻ മൊഹേബിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam