പ്രക്ഷോഭക്കാരെ ഭയന്ന് ട്രംപിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published Jun 1, 2020, 8:29 AM IST
Highlights

വെള്ളിയാഴ്ച രാത്രി പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പരപ്പിച്ചിരുന്നു. ഭാര്യ മലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും ട്രംപിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി.
 

വാഷിംഗ്ടണ്‍: ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രക്ഷോഭങ്ങള്‍ വൈറ്റ്ഹൗസിന് സമീപത്തെത്തിയതോടെയാണ് സുരക്ഷ മുന്‍ നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയതോടെയാണ് ട്രംപിനെ മാറ്റിയത്. 

വെള്ളിയാഴ്ച രാത്രി പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പരപ്പിച്ചിരുന്നു. ഭാര്യ മലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും ട്രംപിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. പ്രതിഷേധം കനത്തതോടെ ഞായറാഴ്ച യുഎസിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിലെത്തിയാല്‍ വേട്ടപ്പട്ടികളെക്കൊണ്ടും ആയുധം കൊണ്ടും നേരിടുമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.

മെയ് 25ന് മിനിപോളിസില്‍ പൊലീസ് അതിക്രമത്തില്‍ അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ലോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണം.
 

click me!