സാമ്പത്തിക വ്യവസ്ഥകളേക്കാളും പ്രാധാന്യമുള്ളത് മനുഷ്യജീവന്‍; കൊവിഡ് പ്രതിസന്ധിയേക്കുറിച്ച് മാര്‍പ്പാപ്പ

By Web TeamFirst Published May 31, 2020, 11:48 PM IST
Highlights

ആളുകള്‍ക്ക് രോഗമുക്തി നേടുകയാണ് പ്രധാനമായ കാര്യം. വിവിധ രാജ്യങ്ങള്‍ കൊവിഡ് വ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അതിവേഗത്തില്‍ നീക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ പ്രതികരണം

വത്തിക്കാന്‍ സിറ്റി: സാമ്പത്തിക വ്യവസ്ഥകളേക്കാളും പ്രാധാന്യം നല്‍കേണ്ടത് മനുഷ്യ ജീവനാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വിവിധ രാജ്യങ്ങള്‍ കൊവിഡ് വ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അതിവേഗത്തില്‍ നീക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സെന്‍റ് പീറ്റേഴ്സ്  ചത്വരത്തില്‍ ഇന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. 

ആളുകള്‍ക്ക് രോഗമുക്തി നേടുകയാണ് പ്രധാനമായ കാര്യം. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാകേണ്ടതുണ്ട്. എന്നാല്‍ അതിലും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആളുകള്‍ രോഗ വിമുക്തി നേടുന്നതാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.  പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമാണ് നമ്മുടെ ശരീരം, എന്നാല്‍ സാമ്പത്തിക വ്യവസ്ഥ അങ്ങനെയല്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു. 

ഒരു രാജ്യത്തിന്‍റേയും പേരെടുത്ത് പറയാതെയാണ് മാര്‍പ്പാപ്പയുടെ വിമര്‍ശനം. വൈറസ് പൂര്‍ണമായി നിയന്ത്രണത്തിലായോയെന്ന് തീര്‍ച്ചയില്ലാത്ത സാഹചര്യങ്ങളില്‍ പോലും നിയന്ത്രണങ്ങള്‍ നീക്കുകയാണ്. സാമൂഹ്യ അകലം പാലിച്ച് മാസ്ക് ധരിച്ച് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ നിരവധിപ്പേരാണ് മാര്‍പ്പാപ്പയുടെ സന്ദേശം കയ്യടികളോടെ സ്വീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചത്വരം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. 33000 ല്‍ അധികം ആളുകളാണ് ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

അതിവേഗതയില്‍ കൊവിഡ് 19 വൈറസ് പടര്‍ന്നതോടെ പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി അയവ് വരുത്തിയിരുന്നു. അവസാന നിയന്ത്രണങ്ങള്‍ക്ക് ബുധനാഴ്ചയാണ് ഇളവ് ലഭിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. മഹാമാരിയെ നേരിടുന്നതില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. 

click me!