'ഒരു ഉമ്മ നല്‍കുമോ പാപാ'; കന്യാസ്ത്രീയുടെ ആവശ്യത്തില്‍ മാര്‍പ്പാപ്പയുടെ മറുപടി

By Web TeamFirst Published Jan 8, 2020, 11:33 PM IST
Highlights

ഒരു ഉമ്മ നല്‍കുമോ പാപ്പാ എന്ന ചോദ്യവുമായെത്തിയ കന്യാസ്ത്രീക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉമ്മ നല്‍കി. എന്നാല്‍ ...

വത്തിക്കാന്‍ സിറ്റി: കൈ പിടിച്ച് വലിച്ച സ്ത്രീയുടെ കയ്യില്‍ അടിച്ച സംഭവം വിവാദമായതിന് പിന്നാലെ പോപ്പിനോടുള്ള കന്യാസ്ത്രീയുടെ ചോദ്യവും അദ്ദേഹത്തിന്‍റെ മറുപടിയുമാണ് ഇപ്പോള്‍ രസകരമായ ചര്‍ച്ചകളിലൊന്ന്. ഒരു ഉമ്മ നല്‍കുമോ പാപ്പാ എന്ന ചോദ്യവുമായെത്തിയ കന്യാസ്ത്രീക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉമ്മ നല്‍കി. എന്നാല്‍  കടിക്കരുതെന്ന് പറഞ്ഞാണ് ആ ആവശ്യം മാര്‍പ്പാപ്പ നിറവേറ്റിയത്. 

''സമാധാനമായിരിക്കൂ! ഞാന്‍ നിങ്ങള്‍ക്ക് ഉമ്മ തരാം. പക്ഷേ സമാധാനമായിരിക്കൂ. കടിക്കരുത്!''  മാര്‍പ്പാപ്പ കന്യാസ്ത്രീയോട് പറഞ്ഞു.  ഇല്ലെന്ന് കന്യാസ്ത്രീ ഉറപ്പ് നല്‍കിയതോടെ അദ്ദേഹം അവര്‍ക്ക് ഉമ്മ നല്‍കി. ഇതോടെ തുള്ളിച്ചാടിക്കൊണ്ട് നന്ദി പാപ്പാ എന്ന് അവര്‍ ഉറക്കെപ്പറഞ്ഞു. ചുറ്റുമുള്ളവരെല്ലാം ചിരിച്ചുകൊണ്ട് ആ കന്യാസ്ത്രീയുടെ സന്തോഷം നോക്കി നില്‍ക്കുന്ന ചിത്രവും ഇപ്പോള്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ടുകഴി‌ഞ്ഞു. 

അതേസമയം വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാന്ദ്യം ചെയ്ത് മടങ്ങാനൊരുങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കൈ ഒരു സ്ത്രീ വലിച്ച് പിടിക്കുകയും അവരുടെ കയ്യില്‍ മാര്‍പ്പാപ്പ അടിക്കുകയും ചെയ്തത് വിവാദമായിരുന്നു. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചായിരുന്നു സംഭവം. 

സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങിയ ആളുകളെ അഭിവാന്ദ്യം ചെയ്ത് മടങ്ങാനൊരുങ്ങുകയായിരുന്നു മാര്‍പ്പാപ്പ. അദ്ദേഹത്തിന്‍റെ കൈ ബാരിക്കേഡിന് അടുത്തേക്ക് വലിച്ച് അടുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. അപ്രതീക്ഷിതമായ യുവതിയുടെ നടപടിയില്‍ അസ്വസ്ഥനായ മാര്‍പ്പാപ്പ യുവതിയുടെ കൈത്തണ്ടയില്‍ അടിച്ചിരുന്നു. ഇതിനിടെ മാര്‍പ്പാപ്പയുടെ സുരക്ഷാ സംഘാഗമാണ് യുവതിയുടെ അപ്രതീക്ഷിത നടപടിയില്‍ നിന്ന് മാര്‍പ്പാപ്പയുടെ കൈ വിടുവിച്ചെടുത്തത്. 

എന്നാല്‍ പിന്നീട് മാര്‍പ്പാപ്പ തന്‍റെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 'നിരവധി തവണ നമ്മുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. എനിക്കും അത്തരത്തില്‍ ഒരു അനുഭവമുണ്ടായി. അത്തരമൊരു ദുര്‍മാതൃക ആളുകള്‍ക്ക് നല്‍കേണ്ടി വന്നതില്‍ ഖേദമുണ്ട്' എന്നായിരുന്നു മാര്‍പ്പാപ്പ പിന്നീട് പ്രതികരിച്ചത്.

click me!