
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധികൾക്ക് ശേഷം വ്യോമഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണം.
വിമാനത്താവളത്തിനുള്ളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാരണം ചില ഭാഗങ്ങളിൽ ശബ്ദമുണ്ടായേക്കാമെന്നും ദുബായ് എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ ഉറപ്പുനൽകി. ഏറ്റവും കൂടുതൽ തിരക്കേറിയ സമയത്ത് ടെർമിനൽ 1-ലേക്ക് പ്രവേശിക്കുന്ന പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ദുബായ് എയർപോർട്ട് രണ്ടുദിവസം മുൻപ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ ഈ പാലത്തിന്റെ ശേഷി 20 ശതമാനം വർദ്ധിച്ചു. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ദുബായ് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
തിരക്ക് കുറഞ്ഞ രാത്രി സമയങ്ങളിൽ റോഡുകൾ താൽക്കാലികമായി അടച്ചിട്ടും വലിയ സ്റ്റീൽ സ്പാനുകൾ സ്ഥാപിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ടെർമിനൽ 1-ലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലൊന്ന് മൂന്ന് വരികളിൽ നിന്നും നാല് വരികളാക്കി ഉയർത്തിയിട്ടുണ്ട്. ഇത് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ, എയർ ക്രൂ എന്നിവയുടെ സുരക്ഷ മുൻനിർത്തി ഫെബ്രുവരി 28-നാണ് യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചത്. തുടർന്ന് മെയ് 2-ഓടെ വ്യോമപാതയിലെ എല്ലാ താല്ക്കാലിക നിയന്ത്രണങ്ങളും യുഎഇ പൂർണ്ണമായി നീക്കിയിരുന്നു.
ഇതിന് പിന്നാലെ വിമാന സർവ്വീസുകൾ പഴയ പടിയാക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് ദുബായ് എയർപോർട്ട് പ്രവേശിച്ചതായും പ്രതിദിന സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ എയർലൈനുകൾക്ക് അനുമതി നൽകിയതായും അധികൃതർ അറിയിച്ചു. യുഎഇക്ക് പുറത്തുള്ള പ്രാദേശിക വ്യോമപാതകളുടെ ലഭ്യത കൂടി കണക്കിലെടുത്തും അയൽരാജ്യങ്ങളുമായി ഏകോപിപ്പിച്ചുമായിരിക്കും ഇനി വിമാന സർവ്വീസുകൾ പൂർണ്ണ തോതിൽ ക്രമീകരിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam