ദില്ലിയിലെ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് ന്യൂയോർക്കിലും ലണ്ടനിലും പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം. ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപവും ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ പുറത്തുമായിരുന്നു പ്രതിഷേധം.

ന്യൂയർക്ക്/ലണ്ടൻ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം. ന്യൂയോർക്കിലും ലണ്ടനിലും ഇന്ത്യൻ സമൂഹത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാർ, സിജെപി പ്രവർത്തകരുടെ സമരത്തിന് പിന്തുണ അറിയിച്ചു. 'ഞാനും ഒരു പാറ്റയാണ്' എന്ന വാചകത്തോട് കൂടിയ പ്ലക്കാർഡുകൾ അടക്കം പിടിച്ചായിരുന്നു പ്രതിഷേധം.

ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ പുറത്തായിരുന്നു പ്രതിഷേധം നടന്നത്. പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രകടനക്കാർ തങ്ങളുടെ പിന്തുണ അറിയിക്കുകയും രാജ്യത്തെ പരീക്ഷാ - വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും പരിഷ്കാരങ്ങളും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Scroll to load tweet…

അതേസമയം സിജെപിയുടെ നേതൃത്വത്തിൽ ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം തുടരുകയാണ്. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിജെപി. ധർമേന്ദ്ര പ്രധാൻ എപ്പോഴാണ് രാജിവെക്കുന്നതെന്നും എന്തുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യൻ യുവതയേക്കാൾ ധർമേന്ദ്ര പ്രധാനെ സ്നേഹിക്കുന്നതെന്നും സിജെപി എക്സിലൂടെ ചോദിച്ചു.

Scroll to load tweet…

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് ചൊവ്വാഴ്ച നടത്തിയ മിന്നൽ പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം. പ്രതിഷേധത്തിനിടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എംപിമാർക്കും നേരെ ഉണ്ടായ പൊലീസ് നടപടി ശക്തമായി സഭയിൽ ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.