
വില്ലിംഗ്ടണ്‍: ന്യൂസിലാന്‍റിന്‍റെ തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ഭൂചലനമുണ്ടായ സമയം പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍ ഒരു ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി അവതാരകനോട് സംസാരിക്കവെയാണ് ഭൂചലനമുണ്ടായത്. വില്ലിംഗ്ടണിലും സമീപ പ്രദേശങ്ങളിലുമായി റിക്ടര്‍ സ്കെയിലില്‍ 5.8 വ്യാപ്‌തി രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഈ സമയം പാര്‍ലമെന്‍റ് കെട്ടിടത്തിലായിരുന്നു പ്രധാനമന്ത്രിയുണ്ടായിരുന്നത്. ''ചെറിയ തോതിലൊരു ഭൂചലനം ഇവിടെ ഉണ്ടായിരിക്കുന്നു റയാന്‍...'' റയാന്‍ ബ്രിഡ്ജ് എന്ന ഷോയ്ക്കിടെ അവതാരകനോട് പ്രധാനമന്ത്രി പറഞ്ഞു. ജെസീന്ദ, ക്യാമറ അവിടെയുണ്ടായിരുന്ന വസ്തുക്കള്‍ എന്നിവ ഒന്ന് കുലുങ്ങി.
''എന്‍റെ പിറകിലുള്ള വസ്തുക്കള്‍ ചലിക്കുന്നത് കാണാനില്ലെ'' എന്നും ജസീന്ദ അവതാരകനോട് ചോദിച്ചു. താന്‍ സുരക്ഷിതയാണെന്നും അഭിമുഖം തുടരാമെന്നും പ്രധാനമന്ത്രി അവതാരകനോട് പറഞ്ഞു. ലൈവ് ടിവി ഷോ ആയിരുന്നതിനാല്‍ പതിനായിരക്കണക്കിന് പേരാണ് ഇത് കണ്ടത്. തുടര്‍ന്ന് അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ലെന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ജസീന്ദ പിന്നീട് ചേര്‍ന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തന്‍റെ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തെ തന്നെ മികച്ച പ്രധാനമന്ത്രിയെന്ന് വിളിക്കപ്പെടുകയാണ് ജസീന്ദ അര്‍ഡേണ്‍. കൊവിഡ് പ്രതിരോധം മാത്രമല്ല, ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ പള്ളിയിലെ വെടിവയ്പ്പ്, ഡിസംബറില്‍ രാജ്യത്തുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങി ദുരന്തങ്ങളെ കൈകാര്യം ചെയ്തതിലെ മികവാണ് ജസീന്ദയെ ലോകം മികച്ച പ്രധാനമന്ത്രിയെന്ന് വിളിക്കാന്‍ കാരണം.