
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്‍റെ ഡോണൾഡ് ട്രംപിനെതിരായ തന്റെ നിലപാടുകളിലും എക്സ് പോസ്റ്റുകളിലും മാപ്പ് പറഞ്ഞ് രംഗത്തെത്തുന്നതിനു മുൻപ് ഇലോൺ മസ്ക് ട്രംപുമായി ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിനെ ഇലോൺ മസ്ക് ഫോണിൽ വിളിച്ച് സംസാരിച്ചെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. ട്രംപിനെതിരായ ചില പോസ്റ്റുകൾ അതിര് കടന്ന് പോയെന്നും അതിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നുമാണ് മസ്ക് എക്സിൽ കുറിച്ചത്. ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ നടപടിയെ ഡോണൾഡ് ട്രംപ് അഭിനന്ദിച്ചുവെന്നാണ് വിവരം.
അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ട്രംപിന്റെ നികുതി ബില്ലെന്നും ഇത് പാസാക്കിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമുള്ള മസ്കിന്‍റെ പ്രസ്താവനയോടെയാണ് ട്രംപും മസ്കും തമ്മിലുള്ള പോര് തുടങ്ങിയതും ബന്ധം വഷളായതും. ട്രംപിന് രാഷ്ട്രീയ സംഭാവനകള്‍ ഇനി നല്‍കില്ലെന്നും താനില്ലായിരുന്നുവെങ്കില്‍ ട്രംപ് തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയേനെയെന്നും മസ്ക് പറഞ്ഞിരുന്നു. മസ്കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മസ്കിന്‍റെ മാനസിക നില ശരിയല്ലെന്നും പറഞ്ഞ ട്രംപ്, മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനപരിശോധിക്കുമെന്ന് മസ്ക് മുന്നറിയിപ്പ് നൽകി. ഗുരുതര പ്രഖ്യാപമുണ്ടാകുമെന്നും ട്രംപ് നിലപാട് കടുപ്പിച്ചു.
ഇതോടെയാണ് മസ്ക് അയഞ്ഞത്. പിന്നാലെ ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ തന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ടെന്നു അത് വല്ലാതെ അതിരുവിട്ടെന്നും മസ്ക് എക്സിൽ കുറിച്ചു. അതേസമയം ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.