
വാഷിംഗ്ടൺ: നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക്, ടെസ്‌ലയുടെ പുതിയ ശമ്പള പാക്കേജ് പ്രഖ്യാപിച്ചതോടെ ലോകത്തിലെ ആദ്യ ട്രില്യണയർ ആകാൻ സാധ്യത. പ്രതിസന്ധി നേരിടുന്ന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയിൽ മസ്കിന്‍റെ ശ്രദ്ധ നിലനിർത്തുന്നതിനായാണ് പുതിയ പാക്കേജ്. കമ്പനിയുടെ നിലവിലെ മൂല്യത്തെക്കാൾ വലിയ വളർച്ച നേടുകയാണെങ്കിൽ, മസ്കിന് ടെസ്‌ല ഓഹരികൾ അധികമായി ലഭിക്കും.
ഇത് ഒരു കമ്പനിക്കും എത്തിച്ചേരാൻ കഴിയാത്തത്ര വലിയൊരു വിപണി മൂല്യം നേടിത്തരും. മസ്കിന്‍റെ മുൻ ശമ്പള പാക്കേജും വലിയ വളർച്ചാ പദ്ധതികളാണ് നൽകിയത്. അത് ടെസ്‌ല അനായാസം നേടിയെടുക്കുകയും, മസ്കിന്‍റെ സമ്പത്ത് ഗണ്യമായി വർധിക്കുകയും ചെയ്തിരുന്നു. പുതിയ ശമ്പള പാക്കേജ് പ്രകാരം മസ്കിന് 423.7 ദശലക്ഷം അധിക ടെസ്‌ല ഓഹരികൾ ലഭിക്കും. ഇന്നത്തെ ഓഹരി മൂല്യം അനുസരിച്ച് ഇതിന് 143.5 ബില്യൺ ഡോളറിന് അടുത്ത് വിലയുണ്ട്.
എന്നാൽ, ടെസ്‌ല ഓഹരികളുടെ മൂല്യം അടുത്ത വർഷങ്ങളിൽ ഗണ്യമായി വർധിച്ചാൽ മാത്രമേ മസ്കിന് ഈ ഓഹരികൾ ലഭിക്കൂ. മസ്കിന് എല്ലാ ഓഹരികളും ലഭിക്കണമെങ്കിൽ കമ്പനിയുടെ മൊത്തം മൂല്യം 8.5 ട്രില്യൺ ഡോളറിൽ എത്തണം. ഇത് നിലവിലെ 1.1 ട്രില്യൺ ഡോളർ വിപണി മൂല്യത്തെക്കാൾ വളരെ കൂടുതലാണ്. ടെസ്‌ലയുടെ ഓഹരികൾ 8.5 ബില്യൺ ഡോളർ വിപണി മൂല്യത്തിൽ എത്തുകയാണെങ്കിൽ, അത് ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറും.
നിലവിൽ വിപണിയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ എൻവിഡിയയുടെ ഇരട്ടിയിലധികം മൂല്യം ഇതിനുണ്ടാകും. ടെസ്‌ല നിലവിൽ തന്നെ ഏറ്റവും മൂല്യമേറിയ കാർ നിർമ്മാതാക്കളാണ്. ടൊയോട്ട പോലുള്ള മറ്റ് കാർ നിർമ്മാതാക്കൾ കൂടുതൽ വാഹനങ്ങൾ വിൽക്കുകയും കൂടുതൽ ലാഭം നേടുകയും ചെയ്യുന്നുണ്ടെങ്കിലും ടെസ്‌ലയാണ് ഏറ്റവും മൂല്യമേറിയ കമ്പനി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam