
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു സ്ഫോടനങ്ങൾ.
പുലർച്ചെ മൂന്ന് മണിയോടെയാണ് റിയാദ് നിവാസികളുടെ മൊബൈൽ ഫോണുകളിൽ എയർ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. ‘മേഖല ശത്രുപക്ഷത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണിയിലാണ്, ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണം’ എന്നായിരുന്നു സന്ദേശം. ഇതിന് തൊട്ടുപിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി വാർത്താ ഏജൻസി സ്ഥിരീകരിച്ചു. അരമണിക്കൂറിന് ശേഷം സൗദി സിവിൽ ഡിഫൻസ് ഏജൻസി മുന്നറിയിപ്പ് പിൻവലിച്ചു.
ജൂലൈ മാസത്തിൽ യെമനിൽ പോരാട്ടം കടുപ്പിച്ചതിന് ശേഷം ആദ്യമായാണ് റിയാദ് നഗരത്തിന് നേരെ നേരിട്ട് ആക്രമണ ഭീഷണിയുണ്ടാകുന്നത്.ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ, സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ വൻ കുറവുണ്ടായതായി നാവിക നിരീക്ഷണ ഏജൻസിയായ 'ക്ലെപ്ലർ' വ്യക്തമാക്കി.
സൗദി കപ്പലുകൾക്കൊഴികെ മറ്റെല്ലാ അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്കും ബാബ് അൽ മന്ദബ് വഴി സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഹൂതികളുടെ നിലപാട്. പോരാട്ടം പുനരാരംഭിച്ചതോടെ യെമനിൽ 1,12,000ത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടമായതായും മൂവായിരത്തോളം പേർ ജിബൂട്ടിയിലേക്ക് കടൽമാർഗ്ഗം പലായനം ചെയ്തെന്നും ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു.
അതേസമയം സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ യെമനിലെ ഹൂതി വിമതർ പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയിൽ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഹൂതികളുടെ അവകാശവാദം. ഹൂതികൾ പുറത്തുവിട്ട നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിമാനം ലക്ഷ്യമിടുന്ന ദൃശ്യങ്ങളും പിന്നീട് വിമാനം തകർന്ന് കത്തിയമർന്നതിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ആയുധങ്ങളേന്തിയ ഹൂതി ഫൈറ്റർമാർ നിൽക്കുന്നതും കാണാം. പ്രാദേശികമായി നിർമ്മിച്ച മിസൈൽ ഉപയോഗിച്ചാണ് സൗദി വിമാനം വീഴ്ത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യാഹ്യാ സാരീ പ്രസ്താവനയിൽ അവകാശപ്പെട്ടു. തങ്ങളുടെ വ്യോമപരിധിയിൽ അതിക്രമിച്ചു കയറി ശത്രുതാപരമായ നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam