ഇനിമുതൽ അമേരിക്കയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അമേരിക്കയുടെ എതിരാളികൾക്ക് ഗ്രീൻലാൻഡിൽ സൈനികതാവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം ഉറപ്പാക്കാനോ നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല. ഇത് അനന്തമായ കാലത്തേക്കുള്ള കരാറാണ്. ഇതിന് അവസാനമില്ല.
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ സുരക്ഷയിലും മറ്റും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം നൽകുന്ന കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ അടുത്തയാഴ്ച നടക്കുന്ന ജനറൽ അസംബ്ലിക്കിടെ ഡെന്മാർക്കുമായും ഗ്രീൻലാൻഡുമായും ഈ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ഗ്രീൻലാൻഡിന്റെ സുരക്ഷയിലും മറ്റു ആവശ്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിരനിയന്ത്രണം നൽകുന്ന കരാറിലെത്തിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ഇനിമുതൽ അമേരിക്കയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അമേരിക്കയുടെ എതിരാളികൾക്ക് ഗ്രീൻലാൻഡിൽ സൈനികതാവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം ഉറപ്പാക്കാനോ നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല. ഇത് അനന്തമായ കാലത്തേക്കുള്ള കരാറാണ്. ഇതിന് അവസാനമില്ല. മാത്രമല്ല, ഗ്രീൻലാൻഡിൽ വലിയ സൈനിക സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികൾ യുഎസ് ഉടൻതന്നെ ആരംഭിക്കുമെന്നും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ചൈനയും റഷ്യയും ഗ്രീൻലാൻഡിൽ സൈനികതാവളങ്ങൾ സ്ഥാപിക്കുന്നത് തടയുന്നതിനടക്കമുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി. ഗ്രീൻലാൻഡിലെ തന്ത്രപ്രധാനമേഖലകളിൽ ഇരുരാജ്യങ്ങളുടെയും നിക്ഷേപം തടയുന്നതിനുള്ള സംവിധാനങ്ങളും കരാറിൽ ഉൾപ്പെടുത്തിയതായും യുഎസ് അറിയിച്ചു.
യുഎസുമായുള്ള കരാറിനെ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സൺ സ്വാഗതം ചെയ്തു. ഗ്രീൻലാൻഡിനും ഡെന്മാർക്കിനും അമേരിക്കയ്ക്കും ഗുണകരമായ ഒരു കരാറിലെത്തിയതിൽ സന്തോഷമുണ്ടെന്നും ഇത് നാറ്റോയ്ക്കും യൂറോപ്പിനും ഗുണകരമാകുമെന്നും അവർ പറഞ്ഞു. അമേരിക്കയുമായുള്ള കരാർ മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്താൻ സഹായകമാകുമെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസണും പ്രതികരിച്ചു.
ഡെന്മാർക്കിന്റെ ഭാഗമായ സ്വയംഭരണാവകാശമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാഡിനെ സ്വന്തമാക്കുകയെന്ന അമേരിക്കൻ മോഹത്തിന് ഏകദേശം 150 വർഷത്തോളം പഴക്കമുണ്ട്. 2025-ൽ വീണ്ടും അധികാരത്തിലെത്തിയത് മുതൽ ട്രംപ് ഈ ആഗ്രഹം ആവർത്തിച്ചിരുന്നു. ഗ്രീൻലാൻഡിന് മേൽ അമേരിക്കയ്ക്ക് നിയന്ത്രണം വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുത്ത് മേഖലയിലെ റഷ്യൻ താത്പര്യങ്ങളെ ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ പ്രധാനലക്ഷ്യം. ഇതിനൊപ്പം ഗ്രീൻലാൻഡിലെ വിപുലമായ ധാതുനിക്ഷേപത്തിലും അമേരിക്കയ്ക്ക് ഉന്നമുണ്ട്. അതേസമയം, 2009-ൽ സ്വയംഭരണാധികാരമുള്ള പ്രദേശമായി മാറിയെങ്കിലും ഗ്രീൻലാൻഡിന്റെ പ്രതിരോധം, വിദേശനയം തുടങ്ങിയവയെല്ലാം കൈകാര്യംചെയ്യുന്നത് ഡെന്മാർക്കാണ്. 80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്റെ പ്രധാന വരുമാനസ്രോതസ്സും ഡെന്മാർക്കിൽനിന്നുള്ള ബജറ്റ് വിഹിതമാണ്.


