
യുഎസ്എ : വിദേശ വിദ്യാഭ്യാസത്തിന് അവസരം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചങ്കിടിപ്പ് കൂട്ടി അമേരിക്കയില്‍ ഇന്ത്യക്കാരടക്കം നിരവധി വിദ്യാര്‍ത്ഥികളെ എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫെഡറല്‍ ലോ എജന്‍സി 90 ഓളം വിദേശ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതതായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത. അറസ്റ്റിലായവരില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ പേരില്‍ അമേരിക്കയില്‍ എത്തിയവരാണ് വിദ്യാര്‍ത്ഥികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് അഭയാര്‍ത്ഥി വകുപ്പും കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് വകുപ്പും ചേര്‍ന്ന് ഏതാണ്ട് 250 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോഴത്തെ അറസ്റ്റ് നടക്കുന്നത്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളെല്ലാവരും ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഏരിയയിലെ ഫാർമിങ്ടൺ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്തവരാണ്. ഈ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ അഭയാര്‍ത്ഥി നിയമം ലംഘിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് സര്‍വ്വകലാശാല അടച്ച് പൂട്ടിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ 161 വിദ്യാര്‍ത്ഥികളെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. ഏതാണ്ട് 600 ഓളം വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇതില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നുമാണ് ഇന്ത്യാ ടുഡേ.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 90 ഓളം വിദ്യാര്‍ത്ഥികളെ വീണ്ടും അറസ്റ്റ് ചെയ്തു.
ഏതാണ്ട് 250 ഓളം വിദ്യാര്‍ത്ഥികളെ ഇതിനകം അറസ്റ്റ് ചെയ്തെന്നും ഇതില്‍ 80 ശതമാനം പേരും തിരിച്ച് പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി വരുന്ന 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുപോകാനുള്ള അനുമതികാത്തിരിക്കുവാണെന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതരും പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കാത്തതാണെന്ന് അറിയാമായിരുന്നെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത് ക്രൂരമായ നടപടിയെന്നാണ് ഡമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥി എലിസബത്ത് വാറെന്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ചെത്തിയതാണെന്നും എന്നാല്‍ എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് അവരെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കുകയാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് ഇതിനകം എട്ട് ക്രിമിനല്‍ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ സർവകലാശാല ബിരുദ പ്രോഗ്രാമിനായി ഒരു സെമസ്റ്ററില്‍ 2,500 യുഎസ് ഡോളർ ഈടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam