ദില്ലി: ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതായി തെളിഞ്ഞതിനാൽ, പാകിസ്ഥാനെ 'ഗ്രേ ലിസ്റ്റി'ൽ നിന്ന് ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ച് രാജ്യാന്തര സാമ്പത്തിക ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സ് (FATF). ലഷ്കർ ഇ ത്വയ്യിബ, ജയ്ഷ് ഇ മുഹമ്മദ് എന്നീ ഭീകരസംഘടനകൾക്ക് ഇപ്പോഴും പാകിസ്ഥാൻ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് എഫ്എടിഎഫ് വ്യക്തമാക്കുന്നു. ഇത് തുടർന്നാൽ, കടുത്ത നടപടിയുണ്ടാകുമെന്നും എഫ്എടിഎഫ് മുന്നറിയിപ്പ് നൽകുന്നു.
കടുത്ത നടപടിയെന്നാൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുക എന്നതാണ് അർത്ഥം. ഒരിക്കൽ കരിമ്പട്ടികയിൽ പെട്ടാൽ പിന്നെ രാജ്യാന്തര സാമ്പത്തിക സഹായമോ വായ്പകളോ വാങ്ങുന്നതിന് പാകിസ്ഥാന് നിരോധനം നേരിടേണ്ടി വരും. സാമ്പത്തിക ഏജൻസികളായ ലോകബാങ്കിൽ നിന്നോ ഐഎംഎഫിൽ നിന്നോ പോലും വായ്പ കിട്ടില്ല.
ജൂൺ മാസത്തിനുള്ളിൽ നിർദേശിച്ച തരത്തിൽ സാമ്പത്തിക രംഗം 'ക്ലീനാക്ക'ണമെന്നാണ് എഫ്എടിഎഫ് പാകിസ്ഥാന് നൽകിയിരിക്കുന്ന അന്ത്യശാസനം. ഇനി ഇതിൽ ഒഴിവുകഴിവ് പറയാനാകില്ലെന്നും എഫ്എടിഎഫ് വ്യക്തമാക്കുന്നു. ഇതിനായി നേരത്തേ തന്നെ 27- ഇന ആക്ഷൻ പ്ലാൻ എഫ്എടിഎഫ് പാകിസ്ഥാന് നൽകിയിരുന്നു. ഇതിൽ 14 എണ്ണം മാത്രമാണ് പാകിസ്ഥാൻ ഭാഗികമായെങ്കിലും പൂർത്തീകരിച്ചതായി അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാവുന്നതല്ലെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്. പാരീസിൽ നടന്ന സംഘടനയുടെ വാർഷികയോഗത്തിലാണ് തീരുമാനം.
ഇതോടെ അന്താരാഷ്ട്ര തലത്തിൽ വായ്പകൾ വാങ്ങാൻ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളായ ലോകബാങ്ക്. ഐഎംഎഫ്, എഡിബി ഉൾപ്പടെയുള്ളവയിൽ നിന്ന് വായ്പകൾ വാങ്ങാനും പാകിസ്ഥാന് എളുപ്പത്തിൽ കഴിയില്ല.
മലേഷ്യ പാകിസ്ഥാനെ പിന്തുണച്ചെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ പൊതുവെ പാകിസ്ഥാന് എതിരായ നിലപാടാണ് എടുത്തത്. എഫ്എടിഎഫിന് മുമ്പാകെ ഇത്തവണയും പാകിസ്ഥാൻ ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന്‍റെ തെളിവുകൾ ഇന്ത്യ ഹാജരാക്കിയിരുന്നു.
2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തി എഫ്എടിഎഫ് ആദ്യം മുന്നറിയിപ്പ് നൽകിയത്. പിന്നീട് പുൽവാമ ഭീകരാക്രമണം നടന്നതിന് ശേഷം, പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് മാറ്റേണ്ടതില്ലെന്ന് എഫ്എടിഎഫ് തീരുമാനിച്ചു. ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. നിലവിൽ കടക്കെണിയിൽ വലയുകയാണ് പാകിസ്ഥാൻ. പുറമേ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്.
ഈ നിലയിൽ ഒരിക്കൽ കരിമ്പട്ടികയിൽ പെട്ടാൽ പാകിസ്ഥാന് പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല. രാജ്യാന്തര വായ്പകൾ കിട്ടാതാകും. നിലവിൽ സാമ്പത്തിക ഏജൻസികളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും സഹായം നിന്നാൽ പാകിസ്ഥാന്‍റെ സാമ്പത്തികരംഗം തകർന്നടിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam