അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദുകള്‍ ഇറാനിലെ കുര്‍ദുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ കുര്‍ദുകളും ഒടുവില്‍ 'ഉപേക്ഷിക്കപ്പെടുമെന്ന്' അവര്‍ ഓര്‍മ്മിപ്പിച്ചു.
ഇറാഖിലേക്ക് രക്ഷപ്പെട്ട ഇറാനിയന്‍ കുര്‍ദ് വിമതര്‍ക്ക് ആയുധം നല്‍കി ഇറാനിലേക്ക് കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി സിറിയന്‍ കുര്‍ദ് വിഭാഗങ്ങള്‍. സിറിയയിലെ കുര്‍ദ് വിഭാഗക്കാരുമായി സംസാരിച്ച് റോയിട്ടേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇറാനിയന്‍ കുര്‍ദുകള്‍ക്കുള്ള മുന്നറിയിപ്പ്. 'അമേരിക്കയെ വിശ്വസിക്കരുത്, അവര്‍ നിങ്ങളെ ചതിക്കും' എന്നാണ് സിറിയയിലെ കുര്‍ദ് വിഭാഗക്കാര്‍ ഇറാന്‍ കുര്‍ദുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
ഇറാഖിലേക്ക് രക്ഷപ്പെട്ട ഇറാനിയന്‍ കുര്‍ദ് വിമതര്‍ക്ക് ആയുധം നല്‍കി ഇറാനിലേക്ക് കൊണ്ടുവരിക, അങ്ങനെ ഭരണം അട്ടിമറിക്കുക. ഇതായിരുന്നു ട്രംപിന്റെ പുതിയ പദ്ധതി. ഇറാഖില്‍നിന്നും കുര്‍ദ് പട ഇറാനിലേക്ക് മാര്‍ച്ച് ചെയ്താല്‍ അത് അത്ഭുതകരമായ കാര്യമായിരിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അവര്‍ക്ക് അമേരിക്ക വ്യോമസഹായം നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞ് ട്രംപ് മാറ്റിപ്പറഞ്ഞു. കുര്‍ദ് പോരാളികള്‍ ഇറാനിലേക്ക് കടക്കുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒമ്പത് കോടി ജനസംഖ്യയുള്ള ഇറാനില്‍ 60 മുതല്‍ 90 ലക്ഷം വരെ കുര്‍ദുകള്‍ ഉണ്ട്. മറ്റ് പലയിടങ്ങളിലെയും പോലെ ഇറാനിലും കുര്‍ദുകള്‍ രണ്ടാംതരം പൗരന്‍മാരാണ്. അതിനെതിരായ പ്രതിഷേധങ്ങളെ ഇറാന്‍ തല്ലിക്കെടുത്താറാണ് പതിവ്. അങ്ങനെ ഇറാഖിലേക്ക് കടന്ന കുര്‍ദ് സായുധ വിഭാഗങ്ങളെയാണ് അമേരിക്ക ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.
പല കാരണങ്ങളാണ് ഈ നീക്കത്തിനു പിന്നില്‍. ഇറാന്‍ പ്രക്ഷോഭങ്ങള്‍ ഭരണമാറ്റമുണ്ടാക്കും എന്നായിരുന്നു യുഎസ് പ്രതീക്ഷ. ഭരണകൂടത്തെ മറിച്ചിടുന്നതിന് തെരുവിലിറങ്ങാന്‍ ട്രംപും നെതന്യാഹുവും പല തവണ ആഹ്വാനംചെയ്യുകയും ചെയ്തു. എന്നാല്‍, ഒരാള്‍പോലും പ്രക്ഷോഭത്തിന് ഇറങ്ങിയില്ല. അടുത്ത വഴി കരയുദ്ധമാണ്. എന്നാല്‍, വ്യോമാക്രമണം പോലെ എളുപ്പമല്ല അത്. ഇറാന് അതിശക്തമായ കരസൈന്യമുണ്ട്. ഇറാഖിലും അഫ്ഗാനിലും നേരിട്ടതിനേക്കാള്‍ വലിയ തിരിച്ചടി കിട്ടും. യുഎസ് സൈനികര്‍ വലിയ തോതില്‍ കൊല്ലപ്പെടും. അങ്ങനെ വന്നാല്‍, ട്രംപ് പെടും. യുഎസില്‍ യുദ്ധത്തിനെതിരെ മുറവിളി ഉയരും. അതിനാല്‍, ആ ഓപ്ഷന്‍ പറ്റില്ല. അങ്ങനെയാണ് പ്ലാന്‍ ബി ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ എളുപ്പമാണ്. കൊല്ലപ്പെടുന്നത് കുര്‍ദുകള്‍. തമ്മില്‍ തല്ലുന്നത് ഇറാന്‍കാര്‍. കാര്യം കാണാന്‍ അമേരിക്കയും. കുര്‍ദുകള്‍ കൊല്ലപ്പെട്ടാല്‍ യുദ്ധത്തിന് പുതിയൊരു ന്യായം കൂടി കിട്ടും. അതാണ് ട്രംപിന്റെ പ്ലാന്‍.
എന്നാല്‍, ഈ പദ്ധതി പൂര്‍ണ്ണമായി വിജയിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. കുര്‍ദ് സേനകളുമായി പ്രവര്‍ത്തിച്ച ദീര്‍ഘകാല ചരിത്രം യുഎസിനുണ്ട്. എന്നാല്‍ ആവശ്യം കഴിയുമ്പോള്‍ കുര്‍ദുകളെ കൈവിടാറാണ് പതിവ്. 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം, ഇറാഖിലെ കുര്‍ദുകളെക്കൊണ്ട് യുഎസ് ഒരു കലാപമുണ്ടാക്കി. കലാപം വിജയമായിരുന്നു, പക്ഷേ, ഇറാഖ് സൈന്യം കുര്‍ദിഷ് സേനയെ കൂട്ടക്കൊല ചെയ്തു. അമേരിക്ക ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ അതു കണ്ടുനിന്നു.
സിറിയയില്‍ ഇതിനപ്പുറമായിരുന്നു കാര്യങ്ങള്‍. ഐസിസിന് എതിരായ യുഎസ് പോരാട്ടത്തെ വിജയിപ്പിച്ചത് കുര്‍ദ് സൈന്യമാണ്. പക്ഷേ, കാര്യം കഴിഞ്ഞപ്പോള്‍ അമേരിക്ക കൈവിട്ടു. യുഎസ് പിന്തുണയുള്ള സിറിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കുര്‍ദ് സൈനികരെ കശാപ്പ് ചെയ്യുകയാണ്. യുഎസ് കൈവിട്ട തക്കം നോക്കി ഐസിസും കുര്‍ദുകളെ കൊന്നൊടുക്കുന്നു. ടര്‍ക്കി നടത്തുന്ന കുര്‍ദ് വേട്ടയും കണ്ടില്ലെന്ന് നടിക്കുകയാണ് ട്രംപ്. ഈ സാഹചര്യത്തില്‍ അമേരിക്കയെ വിശ്വസിക്കാനാവില്ല എന്ന ചിന്ത കുര്‍ദ് സൈനിക വിഭാഗങ്ങള്‍ക്കുണ്ട്.
അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍, പടിഞ്ഞാറന്‍ ഇറാനിലെ സുരക്ഷാ സേനയെ എങ്ങനെ ആക്രമിക്കണം എന്നതിനെക്കുറിച്ച് വടക്കന്‍ ഇറാഖ് ആസ്ഥാനമായുള്ള ഇറാനിയന്‍ കുര്‍ദ് മിലിഷ്യകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാഖി കുര്‍ദിസ്ഥാനിലെ അര്‍ദ്ധ സ്വയംഭരണ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാന്‍ കുര്‍ദ് വിമത ഗ്രൂപ്പുകളുമായി ഇസ്രായേലും കഴിഞ്ഞ ഒരു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സിറിയന്‍ കുര്‍ദുകളുടെ മുന്നറിയിപ്പ്. അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദുകള്‍ ഇറാനിലെ കുര്‍ദുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസങ്ങളില്‍ സിറിയയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി, ഇറാനിലെ കുര്‍ദുകളും ഒടുവില്‍ 'ഉപേക്ഷിക്കപ്പെടുമെന്ന്' അവര്‍ ഓര്‍മ്മിപ്പിച്ചു. 'ഇറാനിലെ കുര്‍ദുകള്‍ അമേരിക്കയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അവര്‍ നിങ്ങളെ ഉപേക്ഷിക്കും' വടക്കുകിഴക്കന്‍ സിറിയന്‍ കുര്‍ദ് പട്ടണമായ ഖാമിഷ്ലിയിലെ 45 വയസ്സുകാരനായ സാദ് അലി പറഞ്ഞു. 'നാളെ ഇറാനുമായി ഒരു കരാറിലെത്തിയാല്‍, അവര്‍ നിങ്ങളെ ഇല്ലാതാക്കും. ഞങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ ആവര്‍ത്തിക്കരുത്'- അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഒരു പതിറ്റാണ്ട് മുമ്പാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതിന് സിറിയന്‍ കുര്‍ദ് പോരാളികള്‍ അമേരിക്കയുമായി സഖ്യമുണ്ടാക്കിയത്. ഐസിസില്‍നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അവര്‍ സ്വന്തമായി ഒരു അര്‍ദ്ധ സ്വയംഭരണ മേഖലയും സ്ഥാപിച്ചു. എന്നാല്‍ ജനുവരിയില്‍, പ്രസിഡന്റ് അഹമ്മദ് അല്‍ ശര്‍ആയുടെ കീഴില്‍ സിറിയയുടെ പുതിയ സൈന്യം കുര്‍ദുകളുടെ കൈവശമുണ്ടായിരുന്ന മിക്ക പ്രദേശങ്ങളും പിടിച്ചെടുത്തു. തങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ സിറിയന്‍ കുര്‍ദുകള്‍ അമേരിക്കയോട് ആവശ്യപ്പെട്ടെങ്കിലും അമേരിക്ക പരിഗണിച്ചില്ല. പകരം, ശര്‍ആയുടെ സൈന്യവുമായി ലയിക്കാനാണ് ട്രംപ് അവരോട് നിര്‍ദ്ദേശിച്ചത്. ഇത് വലിയ വഞ്ചനയായാണ് കുര്‍ദുകള്‍ കാണുന്നത്.
സിറിയയിലെ കുര്‍ദ് ഗ്രൂപ്പുകളെപ്പോലെ തങ്ങളും 'വഞ്ചിക്കപ്പെടുമോ' എന്ന ആശങ്ക കുര്‍ദ് നേതാക്കള്‍ക്കുണ്ടെന്ന് ഇറാനിലെ കുര്‍ദ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയില്‍ നിന്ന് തങ്ങള്‍ ഉറപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. എന്നാല്‍ അവ എന്താണെന്ന് വ്യക്തമാക്കിയില്ല.
ഇറാനിലെ കുര്‍ദ് സേന അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നാണ് സിറിയയിലെ കുര്‍ദിഷ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി തലവന്‍ അഹമ്മദ് ബറകത്ത് പറഞ്ഞത്. അമേരിക്കയുടെ ക്ഷണം സ്വീകരിക്കുന്നതും ഇറാന്‍ ഭരണകൂടത്തെ നേരിടുന്നതിനോ ദുര്‍ബലപ്പെടുത്തുന്നതിനോ ഉള്ള മുന്‍നിര പോരാളികളായി മാറുന്നത് ഇറാനിലെ കുര്‍ദുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു നൂറ്റാണ്ട് മുമ്പ് ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതിനെത്തുടര്‍ന്ന് ആധുനിക പശ്ചിമേഷ്യയുടെ അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടപ്പോള്‍ രാജ്യമില്ലാതായിപ്പോയ വംശീയ വിഭാഗമാണ് കുര്‍ദുകള്‍. ഭൂരിഭാഗവും സുന്നി മുസ്ലിംകളായ ഇവര്‍ പേര്‍ഷ്യന്‍ ഭാഷയുമായി ബന്ധമുള്ള ഭാഷയാണ് സംസാരിക്കുന്നത്. അര്‍മേനിയ, ഇറാഖ്, ഇറാന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കിടയിലുള്ള മലയോര മേഖലകളിലാണ് ഇവര്‍ പ്രധാനമായും അധിവസിക്കുന്നത്. ഇറാഖില്‍, സ്വന്തം പ്രാദേശിക സര്‍ക്കാരിന്റെ കീഴില്‍ വടക്കന്‍ പ്രവിശ്യകളിലാണ് ഇവര്‍ വസിക്കുന്നത്. എന്നാല്‍ ഇറാന്‍, തുര്‍ക്കി, സിറിയ എന്നിവിടങ്ങളില്‍ സ്വയംഭരണ പ്രദേശമോ സ്വന്തമായൊരു രാജ്യമോ എന്ന അവരുടെ സ്വപ്നം ഇപ്പോഴും കൈയെത്താ ദൂരത്താണ്.


