മാലദ്വീപിലെ പ്രശസ്തമായ ചലച്ചിത്ര നടിയായിരുന്നു ഫൗസിയ ഹസന്‍. ഐഎസ്ആർഒ ചാരക്കേസില്‍ 1994 നവംബര്‍ മുതല്‍ 1994 ഡിസംബര്‍ വരെ ഫൗസിയ ഹസന്‍ ജയില്‍വാസം അനുവഭിച്ചു.
കൊളംബോ: വിവാദമായ ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന്‍ (80) അന്തരിച്ചു. കൊളംബോയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് ഫൗസിയ ഹസന്‍റെ മരണ വിവരം സ്ഥിരീകരിച്ചത്. മറിയം റഷീദക്കൊപ്പം അറസ്റ്റിലായി കൊടിയ പീഡനങ്ങൾക്കിരയായ ഫൗസിയ നീതി നിഷേധത്തിന്‍റെ ഇരയാണ്.
ചാരക്കേസ് കത്തിനിൽക്കെ കസ്റ്റഡിയിൽ അനുഭവിച്ച ക്രൂരപീഡനങ്ങളെ കുറിച്ച് മറിയം റഷീദയും ഫൗസിയും ലോകത്തോട് പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു. മകളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി കേരളത്തിലെത്തിയ ഫൗസിയയെയും മറിയം റഷീദയെയും 1994 നവംബർ 13ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാരവനിതകൾ വഴി ഐഎസ്ആർഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശി കുമാറും രഹസ്യങ്ങൾ കൈമാറി എന്നായിരുന്നു വിവാദവും കേസും. പൊലീസിന്‍റെയും മാധ്യമങ്ങളുടയും പൊതുസമൂഹത്തിന്‍റെയും ക്രൂര വിചാരണക്കിടെ മാറി നിന്ന് മനുഷ്യാവകാശ പ്രശ്നം ഉയർത്തിയത് അന്ന് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്. നമ്പി നാരായണനെ കണ്ടിട്ടില്ലെന്ന് ആവർത്തിച്ചിട്ടും കസ്റ്റഡിയിൽ പേര് പറയിക്കാൻ നടന്നത് വലിയ പീഡനങ്ങളാണ്. മൂന്ന് വർഷമാണ് ശിക്ഷ അനുഭവിച്ചത്. ഒടുവിൽ സിബിഐ കുറ്റവിമുക്തരാക്കി. നമ്പി നാരായാണന് വൈകിയെങ്കിലും നീതി കിട്ടിത്തുടങ്ങുമ്പോഴും ഫൗസിയ കൊടിയ പീഡനത്തിന്‍റെ ഇരയായി ജീവിതം തുടർന്നു.
Also Read:മറിയം റഷീദയോട് എനിക്കിനി സംസാരിക്കേണ്ട; ഫൗസിയ ഹസന്‍ ജീവിതം പറയുന്നു
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചെറിയ സിനിമകളിൽ അഭിനയിച്ച് മുന്നോട്ട് പോയ ഫൗസിയ മാലിയിലെ സെൻസബർ ബോർഡ് അംഗം കൂടിയായിരുന്നു. ചാരക്കേസിലെ ഗൂഢാലോചനയെ കുറിച്ചുള്ള സിബിഐ അന്വേഷണത്തിൽ ഫൗസിയക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ നീതി സ്വപ്നമായി മാത്രം അവശേഷിച്ച് ഫൗസിയ മടങ്ങി.
