
പെര്‍ത്ത് : ആറ് ദിവസം അരിച്ച് പെറുക്കിയതിന് പിന്നാലെ നഷ്ടമായ ആണവ ഉപകരണം കണ്ടെത്തി ഓസ്ട്രേലിയ. യുഎസ്ബിയേക്കാള്‍ ചെറുതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു ഓസ്ട്രേലിയയിലെ സേനയും പൊലീസുമെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്നത്. സൈന്യം ഉൾപ്പെടെ പങ്കെടുത്ത വൻ തെരച്ചിലിനൊടുവിലാണ് ആണവ വികിരണ ശേഷിയുള്ള ക്യാപ്സ്യൂൾ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയിരിൽ ഇരുമ്പിന്റെ സാന്ദ്രത കണ്ടെത്താനുള്ള ഉപകരണം നഷ്ടമായത്. ക്യാപ്സൂളിലെ സീരിയല്‍ നമ്പറുപയോഗിച്ചാണ് ലഭിച്ചത് നഷ്ടമായ റേഡിയോ ആക്ടീവ് ക്യാപ്സൂള്‍ തന്നെയാണെന്ന് അധികൃതര്‍ ഉറപ്പാക്കിയത്.
വെള്ളി നിറമുള്ള 6 മില്ലിമീറ്റര്‍ വ്യാസവും 8 മില്ലീമീറ്റര്‍ നീളവുമാണ് ഉള്ള റേഡിയോ ആക്ടീവ് ക്യാപ്സൂള്‍ പെര്‍ത്തിലെ സംഭരണ ശാലയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ ട്രെക്കില്‍ നിന്ന് വീണുപോവുകയായിരുന്നു. ഓരോ മണിക്കൂറിലും പത്ത് എക്സ് റേകള്‍ക്ക് സമാനമായ കിരണം പുറത്ത് വിടാന്‍ കഴിയുന്ന ക്യാപ്സൂള്‍ ജനവാസ മേഖലയില്‍ നഷ്ടമായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ആണവായുധം പോലെ അപകടകരമല്ലെങ്കിലും കയ്യിലെടുക്കുകയും ഏറെ നേരം സമീപത്ത് കഴിയേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് ത്വക് രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാനുമുള്ള സാധ്യതകള്‍ ഏറെയെന്നായിരുന്നു വിദഗ്ധര്‍ വിശദമാക്കിയിരുന്നത്.
ന്യൂമാനിലെ റയോ ടിന്‍റോ ഗുഡായ് ദാരി ഇരുമ്പ് ഖനിയില്‍ നിന്ന് കൊണ്ടു പോവുന്നതിനിടെയാണ് ഉപകരണം കാണാതായത്.കൃത്യമായി നഷ്ടമായ സ്ഥലം കണ്ടെത്താനാവാത്തതാണ് തെരച്ചിലിനെ ദുഷ്കരമാക്കിയിരുന്നു. ബ്രിട്ടന്‍റെ വിസ്തൃതിയുള്ള പ്രദേശമാണ് ആറ് ദിവസം കൊണ്ട് പ്രതിരോധ വകുപ്പും, പൊലീസും, ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയും ഓസ്ട്രേലിയന്‍ ന്യൂക്ലിയാര്‍ ആന്‍ഡ് സയന്‍സ് ടെക്നോളജി ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
യുഎസ്ബിയേക്കാള്‍ ചെറുത്, ഗുളിക പോലുള്ള ആണവ ഉപകരണം കാണാതായി; ഓസ്ട്രേലിയയില്‍ തെരച്ചില്‍ ഊര്‍ജ്ജിതം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam