Asianet News MalayalamAsianet News Malayalam

യുഎസ്ബിയേക്കാള്‍ ചെറുത്, ഗുളിക പോലുള്ള ആണവ ഉപകരണം കാണാതായി; ഓസ്ട്രേലിയയില്‍ തെരച്ചില്‍ ഊര്‍ജ്ജിതം

ചെറിയ യുഎസ്ബിയേക്കാള്‍ ചെറുതാണ് കാണാതായിരിക്കുന്ന ഉപകരണം. പെര്‍ത്തിലെ സംഭരണ കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് ഉപകരണം കാണാതായത്. കാണാതായ മേഖലയില്‍ ആള്‍വാസം ഉള്ള മേഖലയാണെന്നതാണ് അധികൃതരെ വലയ്ക്കുന്ന പ്രധാനപ്പെട്ട വിഷയം.

radio active capsule missing in Australia could cause radiation burns or radiation sickness etj
Author
First Published Feb 1, 2023, 9:24 AM IST

മെല്‍ബണ്‍ : കാണാതായ ആണവ വികിരണ ശേഷിയുള്ള ചെറു ഉപകരണത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ഓസ്ട്രേലിയ. ഗുളികയുടെ വലുപ്പം മാത്രമാണ് കാണാതായ ഉപകരണത്തിനുള്ളത്. പശ്ചിമ ഓസ്ട്രേലിയയിലൂടെ ട്രെക്ക് മാര്‍ഗം കൊണ്ടുവരുന്നതിനിടെയാണ് ഉപകരണം കാണാതായത്. വെള്ളി നിറമുള്ള ക്യാപ്സൂളിന് 6 മില്ലിമീറ്റര്‍ വ്യാസവും 8 മില്ലീമീറ്റര്‍ നീളവുമാണ് ഉള്ളത്. സീസിയം 137  കൊണ്ടാണ് ക്യാപ്സൂള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ മണിക്കൂറിലും പത്ത് എക്സ് റേകള്‍ക്ക് സമാനമായ കിരണമാണ് ഈ ക്യാപ്സൂളിന് പുറത്ത് വിടാന്‍ കഴിയുന്നത്. ട്രെക്കില്‍ നിന്ന് തെറിച്ചുപോയതെന്നാണ് കരുതപ്പെടുന്നത്. ആണവായുധം പോലെ അപകടകരമല്ലെങ്കിലും കയ്യിലെടുക്കുകയും ഏറെ നേരം സമീപത്ത് കഴിയേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് ത്വക് രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാനുമുള്ള സാധ്യതകള്‍ ഏറെയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാല സമ്പര്‍ക്കം ക്യാന്‍സറിന് വരെ കാരണമാകുമെന്നാണ് കാണാതായ ചെറു ഉപകരണത്തേക്കുറിച്ച് വിദഗ്ധര്‍ വിശദമാക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ഉദ്യോഗസ്ഥരേയും ആണവ ഉപകരണം കണ്ടെത്താനുള്ള കൂടുതല്‍ ഡിറ്റക്ടറുമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തെരച്ചിലിന് അയച്ചിട്ടുള്ളത്. രാജ്യത്തെ ആണവ സുരക്ഷാ ഏജന്‍സ് അടക്കമുള്ളവര്‍ തെരച്ചിലിന് ഇറങ്ങിയെന്ന് വ്യക്തമാക്കുമ്പോള്‍ കാണാതായ ചെറു ക്യാപ്സൂളിന്‍റെ പ്രാധാന്യം വ്യക്തമാണ്. ന്യൂമാനിലെ റയോ ടിന്‍റോ ഗുഡായ് ദാരി ഇരുമ്പ് ഖനിയില്‍ നിന്ന് കൊണ്ടു പോവുന്നതിനിടെയാണ് ഉപകരണം കാണാതായത്. ഖനിയില്‍ നിന്ന് 1400 കിലോമീറ്ററിനുള്ളിലാണ് ഉപകരണം കാണാതായതെന്നാണ് വിലയിരുത്തല്‍. ആണവ ഉപകരണം കാണാതായതോടെ വലിയ മുന്നൊരുക്കമാണ് മെല്‍ബണില്‍ സ്വീകരിച്ചിട്ടുള്ളത്. കൃത്യമായി നഷ്ടമായ സ്ഥലം കണ്ടെത്താനാവാത്തതാണ് തെരച്ചിലിനെ ദുഷ്കരമാക്കുന്നത്. ചെറിയ യുഎസ്ബിയേക്കാള്‍ ചെറുതാണ് കാണാതായിരിക്കുന്ന ഉപകരണം. പെര്‍ത്തിലെ സംഭരണ കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് ഉപകരണം കാണാതായത്. കാണാതായ മേഖലയില്‍ ആള്‍വാസം ഉള്ള മേഖലയാണെന്നതാണ് അധികൃതരെ വലയ്ക്കുന്ന പ്രധാനപ്പെട്ട വിഷയം.

ട്രെക്ക് സഞ്ചരിച്ച പാതയിലൂടെ തെരച്ചില്‍ പൂര്‍ത്തിയാവാന്‍ കുറഞ്ഞത് അഞ്ച് ദിവസമെടുക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ചൊവ്വാഴ്ച വരെ നടന്ന  660 കിലോമീറ്റര്‍ മാത്രമാണ് തെരച്ചില്‍ നടത്താനായിട്ടുള്ളത്. പ്രതിരോധ വകുപ്പും, പൊലീസും, ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയും ഓസ്ട്രേലിയന്‍ ന്യൂക്ലിയാര്‍ ആന്‍ഡ് സയന്‍സ് ടെക്നോളജി ഓര്‍ഗനൈസേഷനുമാണ് നിലവില്‍ ചെറു ആണവ ഉപകരണത്തിനായി തെരച്ചില്‍ നടത്തുന്നത്. ഇരുമ്പ് അയിരിന്റെ സാന്ദ്രത പരിശോധിക്കാനായി ഉപയോഗിക്കുന്നതായിരുന്നു കാണാതായ ഉപകരണം. ഈ ഉപകരണത്തെ സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് പ്രത്യേക കരാര്‍ എടുത്ത സംഘമായിരുന്നു ചുമതലയിലുണ്ടായിരുന്നത്. ഉപകരണം സൂക്ഷിച്ച  ട്രെക്കിലെ സ്ക്രൂവും ബോള്‍ട്ടും ഇളകിയിരുന്നു. ഇതിലൂടെയാണ് ഉപകരണ കാണാതായതെന്നാണ് വിലയിരുത്തല്‍.

ജനുവരി 12നാണ് ഖനിയില്‍ നിന്ന് ഉപകരണം ശേഖരിച്ചത്. ജനുവരി 25നാണ് സുരക്ഷാ പരിശോധനയ്ക്കായി പൊതിഞ്ഞ് സൂക്ഷിച്ച പാക്കേജ് തുറന്നത്. ഈ സമയത്താണ് ഉപകരണം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ഉപകരണം നഷ്ടമായതില്‍ ഖനി അധികൃതര്‍ ഇതിനോടകം ക്ഷമാപണം നടത്തിയിട്ടുണ്ട്. ബ്രിട്ടന്‍റെ വലുപ്പമുള്ള പ്രദേശത്ത് കൂടിയാണ് ഉപകരണം കൊണ്ടുപോയിട്ടുള്ളത്. ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലുടെ വടക്ക് നിന്ന് തെക്കോട്ടാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ന്യൂക്ലിയാര്‍ വികിരണത്തില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ചെറു ഉപകരണത്തില്‍ നിന്ന് 5 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് അധികൃതര്‍ വിശദാമാക്കുന്നത്.

ഇവിടെ ജനങ്ങള്‍ക്ക് പ്രിയങ്കരമായി റേഡിയോ ആക്ടീവ് സ്‍പാ; ഈ ജലത്തിലുള്ള കുളി രോഗം വരുത്തുമോ അതോ തടയുമോ?

Follow Us:
Download App:
  • android
  • ios