
ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായാണ് ഫ്ലൈദുബായ് വിമാനം തകർക്കാൻ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ 'വൈനെറ്റ്' ആണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഉദ്ധരിച്ച് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ടെൽഅവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനായിരുന്നു കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ പ്രാഥമിക ലക്ഷ്യം. ഈ നീക്കം പരാജയപ്പെട്ടാൽ പ്ലാൻ-ബി ആയി ജോർദാനിലെ യു.എസ് സൈനിക താവളം ആക്രമിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. ഗാസയിലെ ഇസ്രയേൽ നടപടികളോടുള്ള പ്രതികാരമായാണ് ഫ്ലൈദുബായ് വിമാനത്തിലെ ഒമാൻ കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ട്.
ആക്രമണം നടത്തിയ ഒമാൻ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി ആക്രമണത്തിന് മുൻപ് ദീർഘകാലമായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്ന വിമാനത്തിൽ പൈലറ്റായി എത്തുന്നതിനുള്ള ആസൂത്രണം നടത്തിയ ഇയാൾ കഴിഞ്ഞ ജൂണിൽ ഇസ്രായേലിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്.
സ്വയം ‘രക്തസാക്ഷി’ ആകാൻ തയ്യാറെടുപ്പുകൾ നടത്തിയ ഇയാൾ ജൂലൈയിൽ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും ജീവനക്കാരിൽ ഒരാളുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം അന്ന് തീരുമാനത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
ഹമ്മാമിയുടെ പശ്ചാത്തലവും കൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളും കണ്ടെത്താനും ഇയാൾ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആറ് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ നിലവിൽ അന്വേഷണം നടത്തിവരികയാണ്.
വിമാനം കൃത്യമായ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ, കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി പെട്ടെന്ന് വിമാനത്തിന്റെ ഓട്ടോപൈലറ്റ്സംവിധാനം വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമാക്കി വിമാനത്തിന്റെ ദിശ മാറ്റാൻ ഇയാൾ ശ്രമിച്ചു. അസാധാരണ നീക്കം കണ്ട പ്രധാന പൈലറ്റ് സ്മിത് മച്ചാർ തടയാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കോക്പിറ്റിനുള്ളിൽ വെച്ച് കടുത്ത കൈയേറ്റവും പോരാട്ടവും നടന്നു. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും സ്മിത് മച്ചാറെ അപായപ്പെടുത്താനുമായിരുന്നു ഹമ്മാമിയുടെ ശ്രമം. ലറ്റ് സ്മിത് മച്ചാർ ഹമ്മാമിയുടെ ആക്രമണത്തെ അതിസാഹസികമായി ചെറുക്കുകയും, പോരാട്ടത്തിനിടയിൽ തന്നെ കോക്പിറ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് സന്ദേശം നൽകുകയും ചെയ്തു. വാതിൽ തുറന്നതോടെ വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ ഹമ്മാമിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി കെട്ടിയിടുകയുമായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam