
വാഷിംഗ്ടണ്‍: ഭക്ഷ്യവിഷബാധക്ക് കാരണമായ സാൽമൊണെല്ല വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു മുഴുവൻ ബാച്ച് സാലഡ് വെള്ളരി പിൻവലിച്ച് അമേരിക്ക. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് ഇക്കാര്യം അറിയിച്ചത്. 2025 ഏപ്രിൽ 29 നും മെയ് 19 നും ഇടയിൽ വിപണിയിലെത്തിച്ച ബാച്ചിൽ സാൽമൊണെല്ല സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പിൻവലിച്ചിരിക്കുന്നത്.
യുഎസിലെ 15 സംസ്ഥാനങ്ങളിലായി ഇതുവരെ 26 പേർക്ക് രോഗം ബാധിച്ചു. ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 13 പേരിൽ 11 പേർ സാലഡ് വെള്ളരി കഴിച്ചതായി എഫ്ഡിഎ സ്ഥിരീകരിച്ചു. ശരീരത്തിലെത്തി 12 മുതൽ 72 മണിക്കൂറിനുള്ളിൽ രോഗത്തിന് കാരണമാകുന്ന വൈറസുകളാണ് സാൽമൊണെല്ല. അണുബാധ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ.
ഫ്ലോറിഡയിലെ ബെഡ്‌നർ ഗ്രോവേഴ്‌സ് ആണ് രോഗബാധക്ക് കാരണമായ സാലഡ് വെളളരി കൃഷി ചെയ്തത്. റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത് വിപണനം നടത്തിയിട്ടുണ്ട്. ഫ്ലോറിഡയിൽ നിന്ന് പുറപ്പെടുന്ന ക്രൂയിസ് കപ്പലുകളിൽ നിരവധി ആളുകൾ ഇതേ സാലഡ് വെള്ളരി കഴിച്ചതായും റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...