ടിയാനൻമെൻ സ്‌ക്വയർ സംഭവത്തിന് പിന്നിൽ വൈദേശിക കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ എന്നാരോപിച്ച് പാർട്ടി ലഘുലേഖ

By Web TeamFirst Published Nov 17, 2021, 4:53 PM IST
Highlights

പ്രസ്തുത നടപടിയിലൂടെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും പാർട്ടി പറയുന്നു. 

ചൈനയുടെ(China) ഇന്നോളമുള്ള ചരിത്രം വിശകലനം ചെയ്യുന്ന, പുതുക്കുന്ന ഒരു പുതിയ രേഖ(document) പുറത്തുവിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി(Chinese Communist Party). ഈ രേഖയിൽ അഴിമതിക്കും, പണാധിപത്യത്തിനും, വ്യക്തികേന്ദ്രീകൃത ചിന്തയ്ക്കും എതിരെ ശക്തമായ നിരീക്ഷണങ്ങളുണ്ട്. പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ കീഴിൽ കുറേക്കൂടി അച്ചടക്കത്തോടെ ജനങ്ങൾ പുലരേണ്ടതുണ്ട് എന്നും ഈ രേഖ പറയുന്നുണ്ട്. ഇതേ ലഘുലേഖയിലാണ് 1989 -ൽ നടന്ന നിരവധി ചൈനീസ് വിദ്യാർത്ഥികൾക്ക് ജീവനാശമുണ്ടാക്കിയ ടിയാനൻമെൻ സ്‌ക്വയർ സംഭവത്തിന് പിന്നിൽ വൈദേശിക കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളാണ് എന്ന ആക്ഷേപവും പാർട്ടി ഉന്നയിച്ചിട്ടുള്ളത്. വിദേശത്തു നിന്ന് ഫണ്ടിങ് സ്വീകരിച്ചു കൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധ കക്ഷികൾ നടത്തിയ രാജ്യദ്രോഹപ്രവർത്തനങ്ങളാണ് ഒടുവിൽ ആക്ഷനിലേക്കും, അതിൽ വിദ്യാർത്ഥികൾക്ക് ജീവനാശം ഉണ്ടാകുന്നതിലേക്കും നയിച്ചത് എന്നാണ് ഇതിൽ ആരോപിച്ചിട്ടുള്ളത്. 

അന്താരാഷ്ട്ര തലത്തിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിലും ഉണ്ടായ പ്രകോപനങ്ങളോട് ജനങ്ങളുടെ പിന്തുണയോടെ ഭരണകൂടം കർശനമായ നിലപാട് സ്വീകരിച്ചു എന്നും, ചൈനയെ പ്രതിസന്ധിയിലേക്ക് വഴുതിവീഴാതെ കാക്കുന്നതിന് അത് അത്യാവശ്യമായിരുന്നു എന്നും ലഘുലേഖ സമർത്ഥിക്കുന്നു. പ്രസ്തുത നടപടിയിലൂടെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും പാർട്ടി പറയുന്നു. 

ചൈനയുടെ ഇന്നോളമുള്ള ചരിത്രത്തിൽ ഇത്തരത്തിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ രേഖയാണിത്. ഇതിൽ ഷി ജിൻ പിങിന് പതിവിനു വിരുദ്ധമായി മൂന്നാമതും പ്രസിഡന്റാകാൻ അവസരം നൽകാനുള്ള തീരുമാനത്തിന് ശക്തിപകരും വിധം അദ്ദേഹത്തെ പ്രബലനായ ഒരു രാഷ്ട്ര നേതാവായി ചിത്രീകരിക്കാനും അദ്ദേഹത്തിന്റെ കാലത്തു രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ എണ്ണിയെണ്ണി പറയാനുമുള്ള ശ്രമങ്ങളുണ്ട്. 'ഷി ജിൻ പിങ് ചിന്ത' എന്ന പേരിൽ സ്‌കൂൾ തലം മുതൽ പ്രസിഡന്റിന്റെ പ്രത്യയശാസ്ത്ര ചിന്താപദ്ധതികൾ സിലബസിന്റെ ഭാഗമായി പഠിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 
 

click me!