
ഇസ്ലാമാബാദ്: വിദേശവനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൊച്ചുമകൻ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ രാജിക്കായി മുറവിളി. കേസിൽ പ്രതിയായ കൊച്ചുമകൻ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദർ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കൾ രംഗത്തെത്തിയത്. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ എത്രയുംവേഗം പദവിയിൽനിന്ന് രാജിവെക്കണമെന്ന് പാക്കിസ്ഥാനിലെ പാർലമെന്റ് അംഗമായ ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു.
ഒരു ഫാമിലി കോർപ്പറേഷൻ പോലെയാണ് പാക്കിസ്ഥാനിൽ ഭരണം നടക്കുന്നതെന്നാണ് ഫൈസലിന്റെ ആരോപണം. വിദേശ എംബസിയുടെ ഇടപെടലിന് ശേഷം മാത്രമാണ് കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. കൊച്ചുമകൻ കേസിൽ പ്രതിയായിട്ടും ഇഷാഖ് ദറിന് എങ്ങനെയാണ് ലോകത്തിന് മുന്നിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കൂട്ടബലാത്സംഗക്കേസ് ലോകത്തിന് മുന്നിൽ പാക്കിസ്ഥാന് കളങ്കമുണ്ടാക്കി. അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാന്റെ പ്രതിച്ഛായയെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഇഷാഖ് ദർ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ സാമൂഹികമാധ്യമങ്ങളിലും ഇഷാഖ് ദറിന്റെ രാജി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്ത കേസിലാണ് റാസ ദർ ഉൾപ്പെടെ നാലുപ്രതികളെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം സിംഗപ്പൂരിൽവെച്ച് യുവതികളുമായി പരിചയത്തിലായ റാസ ദർ ഇവരുമായി ക്രിപ്റ്റോ സംബന്ധിച്ച ചില ഇടപാടുകളിൽ ഏർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാൻ സന്ദർശനത്തിനായി യുവതികളെ ക്ഷണിച്ചത്. തുടർന്ന് പാക്കിസ്ഥാനിലെത്തിയ വിദേശവനിതകളെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതികളുടെ ക്രിപ്റ്റോ അക്കൗണ്ടിന്റെ പാസ് വേഡ് കൈക്കലാക്കാനും മോചനദ്രവ്യമായി ഒരുലക്ഷം യുഎസ് ഡോളർ കൈക്കലാക്കാനും ശ്രമമുണ്ടായി. ഇതിനിടെ യുവതികളിലൊരാൾ സ്പെയിനിലുള്ള പിതാവിനെ വിവരമറിയിച്ചു. തുടർന്ന് പിതാവ് എംബസി വഴി പാക്കിസ്ഥാൻ പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് യുവതികളെ മോചിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam