ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസമില്ലെന്നും യുഎൻ മേൽനോട്ടത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീന ആവശ്യപ്പെട്ടു. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ രൂക്ഷമായി വിമർശിച്ചു

ധാക്ക: ബംഗ്ളദേശിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസമില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീന. യുഎൻ മേൽനോട്ടത്തിൽ വോട്ടെടുപ്പ് നടത്തണം. യൂനുസ് സർക്കാരിനെ ആദ്യം പുറത്താക്കണമെന്നും പുറത്തിറക്കിയ ശബ്ദ സന്ദേശത്തിൽ പറയുന്നു. ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ ഷെയ്ഖ് ഹസീന രൂക്ഷമായി വിമർശിച്ചു. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീന, ബംഗ്ലാദേശ് ഇന്ന് രക്തം പുരണ്ട ഒരു ഭൂപ്രദേശമായി മാറിയിരിക്കുകയാണെന്നും ആരോപിച്ചു.

തന്റെ അനുയായികൾക്കും അവാമി ലീഗ് പ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് 'ഡെമോക്രസി ഇൻ എക്സൈൽ' എന്ന നിലയിലുള്ള തന്റെ പുതിയ സന്ദേശത്തിലൂടെ അവർ ഭരണകൂടത്തെ കടന്നാക്രമിച്ചത്.

തന്റെ സർക്കാരിനെ പുറത്താക്കിയതിന് ശേഷം രാജ്യത്ത് നിയമവാഴ്ച പൂർണ്ണമായും തകർന്നെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. നൂറുകണക്കിന് അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ ജയിലിലടയ്ക്കപ്പെട്ടു. യൂനസ് ഭരണകൂടം പ്രതികാര ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. താൻ പടുത്തുയർത്തിയ വികസനങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും ഹസീന ചൂണ്ടിക്കാട്ടി.