
വാഷിംഗ്ടൺ: ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായത്.
ഇതോടെ അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എഎഎ) മുന്നറിയിപ്പ് നൽകി. സാധാരണ പെട്രോളിന്‍റെ ദേശീയ ശരാശരി വില വെള്ളിയാഴ്ച ഗാലന് 4.15 ഡോളറിനടുത്തെത്തി. ഇത് തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ 6 സെന്‍റ് കൂടുതലാണ്. ലേബർ ഡേയിൽ പെട്രോൾ വില ഗാലന് നാല് ഡോളറിന് മുകളിലെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
വർഷത്തിലെ ഈ സമയത്ത് പെട്രോൾ ആവശ്യകത കുറയുന്നതിലൂടെ സാധാരണയായി ഇന്ധനവില കുറയാറാണ് പതിവെങ്കിലും ക്രൂഡ് ഓയിലിന്‍റെ ഉയർന്ന വില കാരണം ഇത്തവണ സ്ഥിതി വൻ പ്രതിസന്ധിയിലാണെന്ന് എഎഎ റിപ്പോർട്ടിൽ പറയുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതോടെ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിലേക്ക് ഉയരുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഉയർന്ന നിലവാരത്തിൽ തുടരുകയുമാണ്. യുദ്ധത്തിന് മുൻപ് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിലയേക്കാൾ 45 ശതമാനത്തോളം വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam