
വാഷിങ്ടൺ: ലെബനനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ തർക്കമുണ്ടായെന്ന് വിവരം. ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്‌സിയോ ആണ് വാർത്ത പുറത്തുവിട്ടത്. കുപിതനായ ട്രംപ്, നെതന്യാഹുവിനെതിരെ അസഭ്യവർഷം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
"നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ (നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണയിൽ അമേരിക്ക നൽകിയ പിന്തുണയെ സൂചിപ്പിച്ച്). ഞാൻ നിന്റെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ നീ എന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ഇപ്പോൾ എല്ലാവർക്കും നിന്നെ വെറുപ്പാണ്. നിന്റെ ഈ പ്രവൃത്തികൾ കാരണം ലോകം മുഴുവൻ ഇസ്രായേലിനെയും വെറുക്കുകയാണ്." - എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. മറ്റൊരു റിപ്പോർട്ടിൽ അസഭ്യവാക്ക് ഉപയോഗിച്ച് 'നീ എന്താണ് കാട്ടിക്കൂട്ടുന്നത്' എന്നും ട്രംപ് ചോദിച്ചതായി വിവരമുണ്ട്.
ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കാരണം അമേരിക്കയുമായി നടന്നു വരുന്ന സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് നെതന്യാഹുവിന്റെ ആക്രമണം തിരിച്ചടിയായതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്താനിരുന്ന വ്യോമാക്രമണത്തെ എതിർത്ത ട്രംപ്, ഈ നീക്കം തുടർന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ബെയ്റൂട്ടിൽ നടത്താനിരുന്ന വ്യോമാക്രമണങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറിയതായാണ് വിവരം. ഫോൺ സംഭാഷണത്തിന് ശേഷം 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് പ്രതികരിച്ചിരുന്നു. നെതന്യാഹുവുമായുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നുവെന്നും ബെയ്റൂട്ടിൽ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ ഉറപ്പുനൽകിയെന്നുമാണ്. ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചുവെന്നും പരസ്പരം ആക്രമിക്കില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം ഹിസ്ബുള്ള ആക്രമണം തുടർന്നാൽ ബെയ്റൂട്ടിൽ പ്രത്യാക്രമണം നടത്തുമെന്നും തെക്കൻ ലബനനിലെ സൈനിക നീക്കങ്ങൾ തുടരുമെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam