പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് ആവർത്തിച്ചു. മേഖലയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാനും നിലവിലുള്ളവർ അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. അടിയന്തരമല്ലാത്ത കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും എംബസി അറിയിച്ചു.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് നൽകിയ സുരക്ഷാ മുന്നറിയിപ്പ് ആവർത്തിച്ച് കുവൈത്തിലെ യുഎസ് എംബസി. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കോ അത് വഴിയോ ഉള്ള യാത്രകൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് എംബസി തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും, എപ്പോൾ വേണമെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകാമെന്നും എംബസിയുടെ കോൺസുലാർ അഫയേഴ്‌സ് വിഭാഗം പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. പ്രാദേശിക മാധ്യമമായ 'അൽ ഖബസ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

യാത്രക്കാർക്കും താമസക്കാർക്കും കർശന നിർദ്ദേശം

നിലവിൽ മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങൾ അറിയാൻ പ്രാദേശിക-അന്തർദേശീയ വാർത്തകൾ കൃത്യമായി നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. മേഖലയിലൂടെ യാത്ര ചെയ്യുന്നവരും ട്രാൻസിറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നവരും യാത്ര തിരിക്കുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകൾ കൃത്യസമയത്ത് തന്നെയുണ്ടെന്ന് ഉറപ്പുവരുത്തണം. സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണിത്.

അടിയന്തര സാഹചര്യങ്ങളിൽ യുഎസ് പൗരന്മാർക്ക് ആവശ്യമായ പരിമിതമായ കോൺസുലാർ സഹായങ്ങൾ മാത്രമായിരിക്കും നിലവിൽ ലഭ്യമാകുക. അടിയന്തര ആവശ്യങ്ങളുള്ളവർ നിശ്ചിത ഇമെയിൽ വിലാസം വഴി കോൺസുലാർ വിഭാഗവുമായി ബന്ധപ്പെടണം. പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയ അപേക്ഷകൾക്കുമായി എംബസി വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റ് എടുക്കാവുന്നതാണ്. അർഹരായ പൗരന്മാർക്ക് എംബസിയിൽ നേരിട്ടെത്താതെ ഡ്രോപ്പ്-ബോക്സ് സൗകര്യം വഴിയും പാസ്‌പോർട്ട് പുതുക്കാം. വിസ പ്രൊസസിങ്, നോട്ടറി ജോലികൾ ഉൾപ്പെടെയുള്ള അടിയന്തരമല്ലാത്ത മറ്റ് കൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് നിരീക്ഷിക്കാൻ എംബസി നിർദ്ദേശിച്ചു.