കത്തിയെരിയുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിലായി അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിലായി ഡോണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബാനർ നിർമ്മിച്ചിരിക്കുന്നത്.
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കി ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ. കത്തിയെരിയുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിലായി അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിലായി ഡോണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബാനർ നിർമ്മിച്ചിരിക്കുന്നത്. സെൻട്രൽ ടെഹ്‌റാനിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്.
ട്രംപിനെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് ഇറാന്റെ നീക്കം. യു.എസ് പ്രഥമ വനിതയുമായ മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോൺ ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ബാനറിലുള്ളത്. പേർഷ്യൻ ഭാഷയിൽ ചോരയ്ക്ക് ചോര" എന്നാണ് ബാനറിലെ വാചകങ്ങൾ. ഇത് രണ്ടാം തവണയാണ് ഈ രീതിയിൽ അമേരിക്കൻ പ്രസിഡന്റിനെതിരെ ഇറാൻ പരസ്യമായി ബിൽബോർഡ് ഉയർത്തി ഭീഷണിപ്പെടുത്തുന്നത്. സെൻട്രൽ ടെഹ്‌റാനിലെ പ്രശസ്തമായ എംഗലാബ് സ്ക്വയറിൽ ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലുള്ള മറ്റൊരു കൂറ്റൻ ബിൽബോർഡും നേരത്തെ ഇറാൻ സ്ഥാപിച്ചിരുന്നു. ട്രംപ് കറുത്ത ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രമായിരുന്നു ഇത്.
ഫെബ്രുവരിയിൽ നടന്ന യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മകനും ഇറാന്റെ പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.


