
വാഷിംഗ്ടൺ: ഗാസയിൽ സമാധാനത്തിന് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയിൽ നിലപാടറിയിക്കാൻ ഹമാസിന് മുന്നിലുള്ളത് മൂന്നോ നാലോ ദിവസങ്ങൾ. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ദുഖകരമായിരിക്കും പര്യവസാനമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. സമാധാന പ്രതീക്ഷ നൽകുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിൻ നെതന്യാഹുവിനും ഒരുപോലെ സമ്മർദം നൽകുന്നതാണ് നിലവിലെ അമേരിക്കൻ പദ്ധതി. അറബ് - ഇസ്ലാമിക് - ഗൾഫ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്.
പദ്ധതി നടന്നാൽ ഗാസയിൽ ഹമാസിന്റെയും ഇസ്രയേലിന്റെയും റോൾ ഒരുപോലെ അവസാനിക്കുകയാണെന്ന് വേണം വിലയിരുത്താൻ. ഹമാസ് അധികാരം വിട്ട് ആയുധം താഴെ വെച്ച് ഒഴിയണമെന്നും ഇസ്രയേൽ പിൻവാങ്ങണം എന്നെല്ലാം ആണ് നിര്‍ദേശങ്ങള്‍. പദ്ധതി ഹമാസ് പരിശോധിക്കുകയാണെന്നാണ് ഖത്തർ അറിയിച്ചിരിക്കുന്നത്. കൂടിപ്പോയാൽ നാല് ദിവസത്തിനപ്പുറം ഹമാസിന് സമയം ലഭിക്കില്ലെന്നാണ് ട്രംപ് അറിയിക്കുന്നത്. ഹമാസ് എതിർക്കുന്നുണ്ടെങ്കിലും ഗാസയിൽ താൽക്കാലിക അന്താരാഷ്ട്ര ഭരണസമിതി വരും. ടോണി ബ്ലൈയറും ട്രംപും മേൽനോട്ടം വഹിക്കും.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കടുത്ത സമ്മർദത്തിലാണ്. ഗാസയും വെസ്റ്റ് ബാങ്കും വരെ പിടിച്ച് അവിടെ പദ്ധതികൾ വരെ തയാറാക്കിയ തീവ്രവലതുപക്ഷത്തിന് വലിയ പ്രഹരമാണ് പദ്ധതി. ഇവരിനി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നിൽക്കുമോ എന്നതാണ് കണ്ടരിയേണ്ടത്. ഖത്തറിനോട് നെതന്യാഹു മാപ്പ് പറഞ്ഞതും സമ്മർദത്തിന് തെളിവായി. ഹമാസിന്റെ നിലനിൽപ്പും ഇസ്രയേലിൽ നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പും കണ്ടറിയണം. ഗാസൻ ജനതയെ പുറത്താക്കില്ല എന്നുറപ്പായപ്പോൾ തന്നെ സൗദി, യുഎഇ, ഖത്തർ, ഈജിപ്ത്, തുർക്കി ഉൾപ്പടെ പ്രബല രാഷ്ട്രങ്ങൾ പദ്ധതിയെ പിന്തുണച്ചു. യുറോപ്യൻ രാഷ്ട്രങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്.