'വിലപേശലൊന്നും വേണ്ട, മൂന്നോ നാലോ ദിവസം മാത്രം സമയം'; അന്ത്യശാസനവുമായി ട്രംപ്, ഹമാസിന്‍റെ നിലപാട് നിർണായകം

Published : Sep 30, 2025, 08:42 PM IST
Donald Trump

Synopsis

ഗാസ സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് ഏതാനും ദിവസത്തെ അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേലുമായും അറബ് നേതാക്കളുമായും ചേർന്ന് രൂപീകരിച്ച ഈ 20 ഇന പദ്ധതി, ബന്ദി മോചനം, സൈനിക പിന്മാറ്റം, യുദ്ധാനന്തര ഭരണം എന്നിവ ഉൾക്കൊള്ളുന്നു. 

വാഷിംഗ്ടൺ: ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസിന് ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി നിരസിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ അത് വളരെ ദുഃഖകരമായ ഒരവസാനമായിരിക്കും' വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ നിർദ്ദേശത്തിന് ഇസ്രായേൽ നേതാക്കളും അറബ് ലോകത്തെ നേതാക്കളും ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും, ഇനി ഹമാസിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ വിലപേശലിന് ഇനി സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, വലിയ സാധ്യതയില്ല എന്നായിരുന്നു ട്രംപിന്‍റെ മറുപടി.

20 ഇന റോഡ്മാപ്പ്

ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിന്‍റെ ഭാവി ഭരണത്തിന് അടിത്തറയിടുന്നതിനുമായി 20 ഇനങ്ങളുള്ള ഒരു സമഗ്രമായ റോഡ്മാപ്പ് പുറത്തിറക്കി ഒരു ദിവസം കഴിഞ്ഞാണ് ഈ അന്ത്യശാസനം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സമാധാന കരാർ പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസ് ഈ പദ്ധതിയെ വെടിനിർത്തൽ സംവിധാനമായും യുദ്ധാനന്തര രൂപരേഖയായും വിശേഷിപ്പിച്ചു. ഇസ്രായേലും ഹമാസും വ്യവസ്ഥകൾ അംഗീകരിക്കുകയാണെങ്കിൽ ഉടൻ തന്നെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പദ്ധതി ആഹ്വാനം ചെയ്യുന്നു.

പ്രധാന വ്യവസ്ഥകൾ

ബന്ദി മോചനം: ഇസ്രായേൽ അംഗീകരിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

തടവുകാരുടെ മോചനം: ഇതിന് പകരമായി, 2023 ഒക്ടോബർ 7 മുതൽ തടവിലാക്കപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.

സൈനിക പിന്മാറ്റം: ഇസ്രായേൽ സൈന്യം ഘട്ടം ഘട്ടമായി പിന്മാറും.

പുനർനിർമ്മാണം: ഗാസയുടെ പുനർനിർമ്മാണത്തിനായി പ്രധാന നടപടികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുദ്ധാനന്തര ഭരണവും പുനർനിർമ്മാണവും

ഗാസയുടെ ഭരണം ഹമാസ് ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, ട്രംപ് അധ്യക്ഷനാവുകയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള ആഗോള വ്യക്തിത്വങ്ങൾ അംഗങ്ങളാവുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര 'സമാധാന ബോർഡ്' (Board of Peace) മേൽനോട്ടം വഹിക്കുന്ന ഒരു താത്കാലിക ടെക്നോക്രാറ്റിക് ഭരണകൂടം സ്ഥാപിക്കും. ഈ ബോഡി സഹായ വിതരണവും പുനർവികസനവും കൈകാര്യം ചെയ്യും.

കൂടാതെ, ഒരു അന്താരാഷ്ട്ര സ്ഥിരതാ സേനയെ (International Stabilisation Force) വിന്യസിക്കാനും, വലിയ തോതിലുള്ള മാനുഷിക സഹായം എത്തിക്കാനും, ഗാസയെ വളർച്ചയ്ക്ക് അവസരമുള്ള ഭീകരവാദ രഹിത മേഖലയായി മാറ്റാൻ രൂപകൽപ്പന ചെയ്ത സാമ്പത്തിക വികസന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ആരെയും ഗാസ വിട്ടുപോകാൻ നിർബന്ധിക്കില്ല എന്നും, പോകാൻ ആഗ്രഹിക്കുന്നവർക്ക് പിന്നീട് തിരികെ വരാനുള്ള അവസരം നൽകുമെന്നും പദ്ധതി ഉറപ്പ് നൽകുന്നു. ഇസ്രായേൽ, അറബ് നേതാക്കൾ ഒറ്റക്കെട്ടാണെന്ന് ട്രംപ് ആവർത്തിച്ചെങ്കിലും, ഹമാസിന്‍റെ പ്രതികരണം നിർണായകമാണ്. ട്രംപ് സമയപരിധി നിശ്ചയിച്ചതോടെ ഹമാസിനുള്ള സമയം കുറയുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം