
റിയാദ്: വിദേശ വിനോദസഞ്ചാരികൾക്ക് ആറ് ഗൾഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ പ്രവേശനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി.
പദ്ധതി നടപ്പിലാക്കുന്ന തീയതി, വിസ നിരക്കുകൾ, കാലാവധി, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാരും തൊട്ടടുത്ത മാസം ആഭ്യന്തര മന്ത്രിമാരും ഈ ഏകീകൃത വിസ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
ജിസിസി പൗരന്മാർക്ക് യാത്ര കൂടുതൽ വേഗത്തിലാക്കാൻ യുഎഇയും ബഹ്‌റൈനും സംയുക്തമായി ആരംഭിച്ച 'വൺ-പോയിന്റ് എയർ ട്രാവൽ' പദ്ധതി വിജയകരമായി മുന്നേറുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈനിൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കിയാൽ അബുദാബി, ദുബായ് ഉൾപ്പെടെയുള്ള യുഎഇ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ വീണ്ടും ഇമിഗ്രേഷൻ ചെക്കിംഗിനായി കാത്തുനിൽക്കേണ്ടതില്ല. ബയോമെട്രിക്, ഇഗേറ്റ്സ് എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ഏകീകൃത ടൂറിസ്റ്റ് വിസ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ, വൺ-പോയിന്റ് യാത്ര പദ്ധതി ജിസിസി പൗരന്മാരുടെ യാത്ര കൂടുതൽ എളുപ്പമാക്കാനാണ് നടപ്പിലാക്കുന്നത്. സെപ്റ്റംബർ 7-ന് ദുബായിൽ നടന്ന 15-ാമത് എഐഎം കോൺഗ്രസിൽ സംസാരിച്ച അൽ ബുദൈവി, ജിസിസി ഫ്രീ ട്രേഡ് ഏരിയ, കസ്റ്റംസ് യൂണിയൻ, കോമൺ മാർക്കറ്റ് എന്നിവയിലൂടെ ഗൾഫ് രാജ്യങ്ങൾ സാമ്പത്തികമായും വ്യവസായപരമായും കൂടുതൽ ശക്തമായ പങ്കാളിത്തത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam