സുഖവാസത്തിലുള്ള തായ് രാജാവിനോട് റിമോട്ട് കൺട്രോൾ ഭരണം ഇനിയും അനുവദിക്കില്ലെന്ന് ജർമനി

By Web TeamFirst Published Oct 10, 2020, 10:07 AM IST
Highlights

വല്ലപ്പോഴും ഒക്കെ ഒന്ന് നാട്ടിൽ പോയി, അത്യാവശ്യം ഒപ്പിടാനുള്ളതൊക്കെ ഒപ്പിട്ട ശേഷം തിരികെ വീണ്ടും സുഖവാസം തുടരുകയാണ് തായ് രാജാവിന്റെ പതിവ്. 

മഹാവാജിറാലോങ്ങ്കോൺ അഥവാ കിംഗ് രാമാ പത്താമൻ, തായ്‌ലണ്ടിന്റെ ഇപ്പോഴത്തെ രാജാവാണ്. തായ് ജനതയുടെ ക്ഷേമം ഉറപ്പുവരുത്തേണ്ട രാജ്യാധിപനൊക്കെ ആണെങ്കിലും അദ്ദേഹം വർഷത്തിൽ ഏറിയ കൂറും താമസം ആൽപ്സ് മലനിരകളുടെ പ്രകൃതിഭംഗി കാരണം വിനോദസഞ്ചാരികളുടെ പ്രിയ ഉല്ലാസകേന്ദ്രമായ ജർമനിയിലെ  ബവേറിയ എന്ന സ്ഥലത്താണ്. അങ്ങ് തായ്‌ലൻഡിൽ സ്വന്തം പ്രജകൾ കൊവിഡ് കെടുതികളിൽ പെട്ടുഴലുമ്പോഴും ആൽപൈൻ റിസോർട്ടിലെ സുഖവാസത്തിലാണ് രാജാവ്. ബവേറിയയിൽ നിന്നുള്ള റിമോട്ട് കൺട്രോൾ ഭരണമാണ് പതിവ് പരിപാടി. എന്നാൽ, ഇനി അത് നടപ്പില്ല എന്ന നിലപാടിലേക്ക് ജർമനി വന്നിരിക്കുകയാണിപ്പോൾ. ജർമൻ വിദേശകാര്യമന്ത്രി, ഹെയ്‌ക്കോ മാസ്സ് ആണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
 


ഒക്ടോബർ ഏഴാം തീയതി നടന്ന ജർമ്മൻ ബുൺഡെസ്റ്റാഗിൽ വെച്ചാണ് ജർമ്മൻ വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്നത്. തായ്‌ലൻഡിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റി, രാജ്യത്ത് ജനാധിപത്യം വേണമെന്ന ജനങ്ങളുടെ മുറവിളികളെപ്പറ്റിയുള്ള ഒരു ജനപ്രതിനിധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ആയിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന."തായ്‌ലണ്ടിന്റെ രാഷ്ട്രീയത്തിലുള്ള ഇടപെടലുകൾ ജർമൻ മണ്ണിൽ ഇരുന്നുകൊണ്ട് നടത്താൻ പാടില്ലെന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്." എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. 

സാധാരണ രാജ്യങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും സ്വന്തം രാജ്യത്ത് ചെലവിട്ട ശേഷം വർഷത്തിൽ ഒന്നോ രണ്ടോ തവണ ചിലപ്പോൾ വിദേശ രാജ്യങ്ങളിൽ ഉല്ലാസയാത്രകൾക്ക് പോകാറുണ്ട്. അത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, നേരെ മറിച്ചാണ് രാമാ പത്താമന്റെ കാര്യം. വർഷത്തിൽ മിക്കവാറും ദിനങ്ങളിൽ അദ്ദേഹം ഈ ആൽപൈൻ റിസോർട്ടിൽ സുഖവാസത്തിലാണ്. വല്ലപ്പോഴും ഒക്കെ ഒന്ന് നാട്ടിൽ പോയി, അത്യാവശ്യം ഒപ്പിടാനുള്ളതൊക്കെ ഒപ്പിട്ട ശേഷം തിരികെ വീണ്ടും സുഖവാസം തുടരുകയാണ് തായ് രാജാവിന്റെ പതിവ്. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചുകൊണ്ടുള്ള രാജാവിന്റെ ഈ ദീവാളികളിക്കെതിരെയാണ് തായ്‌ലൻഡ് ജനത ഇപ്പോൾ പ്രതിഷേധവുമായി തെരുവുകളിൽ ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അവർ "തായ്‌ലൻഡ്  ജനങ്ങളിടെതാണ്' എന്ന് കൊത്തിവെച്ച ഒരു ഫലകം തന്നെ ബാങ്കോക്കിലെ ഗ്രാൻഡ് പാലസിന് പുറത്ത് പ്രകടനമായി എത്തി സ്ഥാപിച്ചിരുന്നു. 

 

 

രാജാവിന്റെ നയങ്ങളെയോ രാജകുടുംബാംഗങ്ങളെയോ ഒക്കെ വിമർശിക്കുന്നത് ഗുരുതര കുറ്റമായ തായ്‌ലൻഡിൽ ജനങ്ങൾ ഇപ്പോൾ ജയിൽ ശിക്ഷ കിട്ടാനുള്ള സാധ്യത പോലും അവഗണിച്ചുകൊണ്ടാണ് തെരുവിലിറങ്ങി രാജാവിനെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. വരുന്ന ഒക്ടോബർ 14 -ന്, 1973 -ൽ നടന്ന വമ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നാല്പത്തേഴാം വാർഷികത്തിൽ  ബാങ്കോക്കിൽ ഒരു വമ്പിച്ച പ്രക്ഷോഭം തന്നെ സംഘടിപ്പിക്കുന്നുണ്ട് വിദ്യാർത്ഥി സംഘടനകൾ. അന്ന് തായ്‌ലൻഡിൽ വല്ലതുമൊക്കെ നടക്കും എന്ന കണക്കുകൂട്ടലിലാണ് പ്രദേശത്തെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും ഈ പ്രകടനത്തിൽ പങ്കെടുക്കും എന്ന് കരുതപ്പെടുന്നു. വീണ്ടും ഒരു രാഷ്ട്രീയ അട്ടിമറിയിലേക്ക് തായ്‌ലൻഡിലെ കാര്യങ്ങൾ പോകുമോ എന്നത് കാത്തിരുന്നുതന്നെ കാണേണ്ടി വരും. 

 

click me!