
പാരിസ്: ജൂലൈയിൽ യൂഎസുമായി ഒപ്പുവച്ച വ്യാപാര കരാർ താത്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ പാർലമെന്റ് ആലോചിക്കുന്നു. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നാറ്റോ അംഗരാഷ്ട്രമായ ഡെന്മാർക്കിൻ്റെ അധീനതയിലുള്ള ഗ്രീൻലാൻഡിന് മേലെ അവകാശവാദം ഉന്നയിച്ച് അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കും ഭീഷണിക്കുമുള്ള ശക്തമായ മറുപടിയായിരിക്കും ഇത്. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയാണ് ട്രംപ് ഭരണകൂടം.
യുഎസിന് അതേ ഭാഷയിൽ യൂറോപ്പ് മറുപടി നൽകുമോയെന്ന ചോദ്യത്തിനാണ് ഫ്രാൻസിലെ സ്ട്രാസ്‌ബർഗിൽ ചേരുന്ന യോഗത്തിൽ തീരുമാനമാകുന്നത്. ഇത് പ്രകാരം ഫെബ്രുവരി ഏഴ് മുതൽ അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും കനത്ത നികുതി ചുമത്തിയേക്കും. അമേരിക്കയ്ക്ക് എതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെടുന്നവരിൽ പ്രധാനിയാണ് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ. മറ്റ് രാഷ്ട്രങ്ങളും ആത്മാഭിമാനം കളഞ്ഞ് അമേരിക്കൻ മേധാവിത്തത്തിന് മുന്നിൽ തലകുനിക്കരുതെന്ന നിലപാടാണ് ഉയർത്തിപ്പിടിക്കുന്നത്.
ഈ പ്രതിസന്ധി ലോകമാകെയുള്ള ഓഹരി വിപണികളെ പിടിച്ചുലച്ചു. യുഎസിലെയും യൂറോപ്പിലെയും ഓഹരി വിപണികൾ തുടർച്ചയായി നഷ്ടത്തിലാണ്. ഏഷ്യൻ ഓഹരികളും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. ജപ്പാനിലെയും ഹോങ്കോങ്ങിലെയും പ്രധാന സൂചികകൾ നേരിയ നഷ്ടം നേരിട്ടു. ഹോങ്കോങ്ങിലെയും ചൈനയിലെയും ഓഹരികൾ നേരിയ നേട്ടവുമുണ്ടാക്കി. ഇതിനെല്ലാം പുറമെ നിക്ഷേപകർ വലിയ തോതിൽ സ്വർണത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതോടെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്വർണ വില മുകളിലേക്ക് കുതിക്കുന്നത്. ജൂലൈയിൽ യുഎസും യൂറോപ്പും വ്യാപാര കരാറിൽ ഒപ്പുവെച്ചത് വലിയ തോതിൽ ലോകമാകെയുള്ള ഓഹരികളിൽ പ്രതീക്ഷയേകിയിരുന്നു. എന്നാൽ ഗ്രീൻലാൻഡ് വിഷയം വീണ്ടും ട്രംപ് ആവർത്തിച്ചതോടെയാണ് വലിയ തോതിലുള്ള തിരിച്ചടി നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam