
പതിനാലുദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങിയെത്തിയാല്‍ ജയില്‍ ശിക്ഷയെന്നത് രാജ്യത്തിന്‍റെ താല്‍പര്യം കണക്കിലെടുത്തെന്ന് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഓസ്ട്രേലിയയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു. മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയിടുമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം മനുഷ്യാവകാശ ലംഘനമാണെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിലക്ക് തങ്ങളുടെ പൗരന്മാര്‍ക്കും സ്ഥരിതാമസക്കാര്‍ക്കും ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു താല്‍ക്കാലിക തീരുമാനമെന്നാണ് മോറിസണ്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്. തങ്ങളുടെ ക്വാറന്‍റൈന്‍ സംവിധാനം ശക്തമാക്കുന്നതിനും കൊവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കേണടതിനും ഇത് അത്യാവശ്യമാണെന്നും മോറിസണ്‍ പറയുന്നു. ഇന്ത്യയുടെ അവസ്ഥയേക്കുറിച്ച് ആശങ്കയുണ്ടെന്ന് സാധ്യമായ സഹായം എത്തിക്കുമെന്നും മോറിസണ്‍ വിശദമാക്കുന്നു. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ഏഴിരട്ടിയായി കൊവിഡ് രോഗികളെ കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ശന നടപടികളിലേക്ക് ഓസ്ട്രേലിയ കടന്നത്.
താല്‍ക്കാലിക വിലക്കുള്ള സമയത്ത് കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒന്നുകൂടി ശക്തമാക്കാനും ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ കൂടുതലായി മെച്ചപ്പെടുത്താനും മികച്ച ടെസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കാനും സാധിക്കുമെന്നും മോറിസണ്‍ പറഞ്ഞു. 20000 ആളുകളെയാണ് ഇതിനോടകം ഇന്ത്യയില്‍ നിന്ന് തിരികെ എത്തിച്ചത്. 2ജിബി എന്ന റേഡിയോ ചാനലിനോടാണ് സ്കോട്ട് മോറിസണ്‍റെ പ്രതികരണം. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിന് പിന്നാലെ മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കാണ് വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam