
വാഷിങ്ടണ്‍: ഗാസയ്ക്കായുള്ള നിർദിഷ്ട അന്താരാഷ്ട്ര സേനയിൽ ചേരാമെന്ന് വാഗ്ദാനം ചെയ്ത പാകിസ്ഥാനോട് നന്ദി പറഞ്ഞ് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് പാകിസ്ഥാന് നന്ദി രേഖപ്പെടുത്തിയത്. അതേസമയം ഇതുവരെ സേനയെ അയക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനം പുനസ്ഥാപിക്കാൻ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റൂബിയോ- 'അവരുടെ വാഗ്ദാനത്തിന് ഞങ്ങൾ നന്ദി പറയുന്നു'. ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിലെ പങ്കാളിത്തത്തെ സംബന്ധിച്ച് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ - ഹമാസ് സമാധാന ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ട്രംപ് ഭരണകൂടം നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് റൂബിയോ തുറന്നു പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഹമാസിനെ നിരായുധീകരിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ നേരത്തെ പ്രതികരിച്ചത്. ഗാസയിലെ സമാധാനത്തിനായി സംഭാവനകൾ നൽകാമെങ്കിലും, ഹമാസിനെ നിരായുധീകരിക്കുന്നത് "ഞങ്ങളുടെ ജോലിയല്ല" എന്നാണ് മന്ത്രി വ്യക്തമാക്കിയത്. പല രാജ്യങ്ങളും ഇക്കാര്യത്തിൽ മടി കാണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അത്തരത്തിൽ സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കേണ്ടി വരുന്നത് അഭ്യന്തരമായും അല്ലാതെയും പ്രതിഷേധങ്ങൾക്ക് ഇടയാക്കുമെന്ന് രാജ്യങ്ങൾ ഭയക്കുന്നു.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാക് സൈനിക മേധാവി അസിം മുനീർ വരും ആഴ്ചകളിൽ വാഷിംഗ്ടണിലേക്ക് പോകാനിടയുണ്ട്. ആറ് മാസത്തിനിടെ ട്രംപുമായുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഗാസയിലേക്കുള്ള സേനയെ സംബന്ധിച്ച ചർച്ചകൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടാവാനിടയുണ്ട്.
ട്രംപ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ നിർദ്ദേശത്തിന്‍റെ പുരോഗതി മന്ദഗതിയിലാണ്. ഗാസയുടെ മേൽനോട്ടത്തിനായി ഒരു "സമാധാന ബോർഡ്" സൃഷ്ടിച്ചുകൊണ്ട് പദ്ധതി പ്രാവർത്തികമാക്കാനാണ് നീക്കം. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിൽ രാഷ്ട്രീയമായി കാര്യമായ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ അന്താരാഷ്ട്ര സേനയെ നിയോഗിക്കാൻ അമേരിക്ക പദ്ധതിയിടുന്നുണ്ടെങ്കിലും അനന്തമായി നീളുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam