
ദുബായ്: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം പ്രാബല്യത്തിൽ വരികയാണ്. ഇറാന്‍റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്.
അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. 'സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട' എന്ന നിലപാടിലാണ് ഇറാൻ. ഇതിനകം തന്നെ മേഖലയിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 135ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ ഗതാഗതം നാമമാത്രമായി ചുരുങ്ങി.
ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം രാത്രി 7:30ഓടെ ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരുമെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. ഉപരോധ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. അസംസ്കൃത എണ്ണ വില കുത്തനെ ഉയർന്ന് ബാരലിന് 100 ഡോളറിന് മുകളിൽ എത്തിക്കഴിഞ്ഞു. യുദ്ധത്തിൽ തകർന്നടിഞ്ഞ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ആസ്തികൾക്കും നഷ്ടപരിഹാരം വേണമെന്ന ഇറാന്‍റെ ആവശ്യങ്ങൾ അമേരിക്ക തള്ളിയതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം. ഏപ്രിൽ 22ന് വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധമുണ്ടാകുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam