
ദോഹ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടെ അമേരിക്ക സൈനിക ഇടപെടലിന് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വൻ യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളുടെ ശ്രമം. സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ പ്രധാനമായും ട്രംപ് ഭരണകൂടത്തെ സൈനിക നടപടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇറാനെതിരായ ഏതെങ്കിലും സൈനിക നീക്കം മിഡിൽ ഈസ്റ്റിന്റെ സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
ഇറാനിലെ പ്രക്ഷോഭകാരികൾക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ പ്രതിഷേധിക്കുന്നവർക്ക് ഉടൻ സഹായം ഉടൻ ലഭ്യമാകും എന്ന ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇറാനിൽ ആക്രമണത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുവെന്ന ഭീതി പടർന്നത്. മേഖലയെ യുദ്ധഭീതിയിലായതോടെയാണ്, ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ.
ഇറാൻ ഇതിനകം തന്നെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധസാധ്യത ഉണ്ടായാൽ എണ്ണവില കുത്തനെ ഉയരുകയും ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെടുകയും ചെയ്യുമെന്ന ആശങ്ക സൗദി അറേബ്യയെയും ഖത്തറിനെയും ഏറെ അലട്ടുന്നു. കാലങ്ങളായി അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥത നടത്തുന്ന ഒമാൻ ഇരുപക്ഷത്തെയും ചർച്ചയ്ക്ക് തയ്യാറാകണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. അമേരിക്ക സൈനിക നടപടിക്ക് ഇറങ്ങിയാൽ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഇതിനകം സൂചന നൽകിയതായി അറിയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam