
ഗാസ: തെക്കൻ ഗാസ മുനമ്പിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായവുമായി എത്തുന്ന ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. ട്രക്കിന് നേരെ ഹമാസ് ആക്രമിക്കുന്ന ഡ്രോൺ വീഡിയോയും സെന്റ്കോം പുറത്തുവിട്ടു. ഓപ്പറേറ്റീവ്സ് ഡ്രൈവറെ ആക്രമിച്ച് റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം ട്രക്ക് കവർന്നുവെന്നും അമേരിക്ക ആരോപിച്ചു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കൊള്ളയടിക്കുന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) നിരീക്ഷിച്ചതായി സെൻട്രോം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ പറക്കുന്ന അമേരിക്കൻ MQ-9 ഡ്രോണിൽ നിന്ന് സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു. ഓപ്പറേറ്റീവ്സ് ഡ്രൈവറെ ആക്രമിക്കുകയും ഡ്രൈവറെ റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം സഹായ ഉപകരണങ്ങളും ട്രക്കും മോഷ്ടിക്കുകയും ചെയ്തു. ഡ്രൈവറുടെ നിലവിലെ നില അജ്ഞാതമാണെന്നും സെന്റ്കോം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, അന്താരാഷ്ട്ര പങ്കാളികൾ ഗാസയിലേക്ക് പ്രതിദിനം 600-ലധികം ട്രക്ക് വാണിജ്യ സാധനങ്ങളും സഹായങ്ങളും എത്തിച്ചിരുന്നു. ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായവുമായി പോയ ട്രക്ക് ഹമാസ് കൊള്ളയടിച്ചെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട മാനുഷിക സഹായം ഹമാസ് നിഷേധിക്കുകയാണെന്നും റൂബിയോ എക്‌സിൽ എഴുതി. നിരപരാധികളായ സാധാരണക്കാർക്ക് സഹായം നൽകാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കവർച്ച ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയ്ക്ക് ശോഭനമായ ഭാവിക്ക് വേണ്ടി ഹമാസ് ആയുധം താഴെ വെച്ച് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, ഗാസ സഹായത്തിനുള്ള കേന്ദ്ര കേന്ദ്രമായി തെക്കൻ ഇസ്രായേലിൽ ഒക്ടോബർ 17 ന് സിഎംസിസി തുറന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam