സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ മരിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റി എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം
സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ അതിവേഗ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അദാമുസ് പട്ടണത്തിന് സമീപം നടന്ന ഈ ദാരുണ സംഭവത്തിൽ 73 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു.
ദശാബ്ദത്തിലെ ഏറ്റവും വലിയ റെയിൽ അപകടം
കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ അപകടമാണിത്. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ള വൻ സന്നാഹം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന ബോഗികൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്ന് കോർഡോബ ഫയർ ചീഫ് അറിയിച്ചു. അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.


