ബലൂച് മനുഷ്യാവകാശ പ്രവർത്തകനായ മിർ യാർ ബലൂച്, പാകിസ്ഥാൻ സൈന്യം ബലൂചിസ്ഥാനിൽ 40-ലധികം പള്ളികൾ തകർത്തതായി ഗുരുതരമായ ആരോപണം ഉന്നയിച്ചു. കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയാണ് ഈ വെളിപ്പെടുത്തൽ.
ദില്ലി: പാക് സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി ബലൂചിസ്ഥാനിലെ പ്രമുഖ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് രംഗത്ത്. രാജ്യത്തെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിരവധി പള്ളികൾ പാകിസ്ഥാൻ തകർത്തതായി അദ്ദേഹം ആരോപിച്ചു. പാക് അധിനിവേശ കശ്മീരിലെ പള്ളികളെ ഇന്ത്യ അപകീർത്തിപ്പെടുത്തിയതായി പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ്, ബലൂചിസ്ഥാനിലെ 40 ഓളം പള്ളികൾ പാകിസ്ഥാൻ സൈന്യം തകർത്തതായി മിർ യാർ ചൂണ്ടിക്കാട്ടിയത്.
കശ്മീരിലുടനീളമുള്ള പള്ളികൾ, ഇമാമുകൾ, കമ്മിറ്റികൾ എന്നിവയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ പാകിസ്ഥാൻ വിമർശിച്ചതിനുള്ള മറുപടിയായാണ് മിർ ബലോച്ചിന്റെ പരാമർശം. മതപരമായ കാര്യങ്ങളിൽ കടന്നുകയറ്റം മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ ആരോപണത്തെ അപലപിച്ച ബലൂച് നേതാവ്, പാകിസ്ഥാൻ ഒരു ഭീകര രാഷ്ട്രമാണെന്നും ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉപദ്രവിക്കുന്നതിൽ പങ്കാളിയാണെന്നും പറഞ്ഞു.
പാക് അധീന കശ്മീരിലെ ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാടിനൊപ്പം ബലൂചിസ്ഥാൻ റിപ്പബ്ലിക് പൂർണ്ണമായും നിലകൊള്ളുന്നു. ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും സൈന്യം മതതീവ്രവാദികളെ ഒരു ഉപകരണമായി ഉപയോഗിക്കുമ്പോൾ പാകിസ്ഥാന് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
പാകിസ്ഥാൻ ബലൂചിസ്ഥാൻ റിപ്പബ്ലിക്കിൽ ഏകദേശം 40 പള്ളികൾ നശിപ്പിച്ചിട്ടുണ്ടെന്നും അതിൽ തന്നെ പള്ളികളിൽ നേരിട്ട് ബോംബാക്രമണം നടത്തുക, ഖുറാൻ കത്തിക്കുക, പള്ളിയുടെ തലവനെ തട്ടിക്കൊണ്ടുപോകുക എന്നിവ ഉൾപ്പെടുന്നുവെന്നും മിർ ബലൂച്ച് ചൂണ്ടിക്കാട്ടി.
ഇറാനുമായി അതിർത്തി പങ്കിടുന്ന, പാകിസ്ഥാനിലെ ധാതു സമ്പന്നവും എന്നാൽ അവികസിതവുമായ ഒരു തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. സ്വയംഭരണം, വിഭവ നിയന്ത്രണം, പൂർണ്ണ സ്വാതന്ത്ര്യം എന്നിവ ആവശ്യപ്പെട്ട് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ബലൂച് ദേശീയ പ്രസ്ഥാനം. 2025 മെയ് മാസത്തിൽ ബലൂച് ദേശീയ നേതാക്കൾ പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
