
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ തന്‍റെ മാര-ലാഗോ റിസോർട്ടിലെ സ്പാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവതികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ തട്ടിയെടുത്തിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എപ്‌സ്റ്റീനുമായുള്ള തന്‍റെ ബന്ധം വഷളാകാൻ കാരണം ലൈംഗികാരോപണങ്ങളല്ലെന്നും, മറിച്ച് ട്രംപ് ഓർഗനൈസേഷനിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പായിൽ നിന്ന് ആളുകളെ അയാൾ കൊണ്ടുപോയി, ജോലിക്ക് വെച്ചുവെന്ന് ട്രംപ് പറഞ്ഞു. "അതായത്, അവർ പോയി. ഞാൻ ഇതേക്കുറിച്ച് കേട്ടപ്പോൾ, ഞാൻ അയാളോട് പറഞ്ഞു, കേൾക്കൂ, ഞങ്ങളുടെ ആളുകളെ നിങ്ങൾ എടുക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല, അത് സ്പാ ആണോ അല്ലയോ എന്നതല്ല വിഷയം. അയാൾക്ക് അത് സമ്മതമായിരുന്നു. എന്നാൽ അധികം വൈകാതെ അയാൾ വീണ്ടും അത് ചെയ്തു. അപ്പോൾ ഞാൻ അയാളെ പുറത്താക്കി" - ട്രംപ് പറഞ്ഞു.
കടത്തിക്കൊണ്ടുപോയ ജീവനക്കാർ യുവതികളായിരുന്നോ എന്ന് ചോദിച്ചപ്പോൾ ട്രംപ് മറുപടി പറയാൻ മടിച്ചു. "ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല," എന്ന് പറഞ്ഞ ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു, "ഉത്തരം അതെ എന്നാണ്. അവർ സ്പായിലായിരുന്നു." എപ്‌സ്റ്റീനെതിരെ പ്രധാന ആരോപണങ്ങൾ ഉന്നയിച്ച ഒരാളായ വിർജീനിയ ഗിഫ്രെയും മാര-ലാഗോയിൽ നിന്ന് എപ്‌സ്റ്റീൻ റിക്രൂട്ട് ചെയ്തവരിൽ ഉൾപ്പെട്ടിരിക്കാമെന്നും ട്രംപ് ആരോപിച്ചു. "എനിക്കങ്ങനെ തോന്നുന്നു. അയാൾ അവളെ തട്ടിയെടുത്തു'' ട്രംപ് പറഞ്ഞു.
വിർജീനിയ ഗിഫ്രെ ഈ വർഷം ആദ്യം ആത്മഹത്യ ചെയ്തിരുന്നു. 2000ൽ താൻ മാര-ലാഗോയിലെ സ്പാ അറ്റൻഡായി ജോലി ചെയ്യുമ്പോൾ, കൗമാരക്കാരിയായിരുന്ന തന്നെ എപ്‌സ്റ്റീന്‍റെ ജയിലിൽ അടയ്ക്കപ്പെട്ട മുൻ കാമുകി ഗിസ്ലെയിൻ മാക്സ്വെൽ ശ്രദ്ധിക്കുകയും എപ്‌സ്റ്റീന്‍റെ മസാജ് തെറാപ്പിസ്റ്റായി നിയമിക്കുകയും ചെയ്തെന്നും ഇത് ലൈംഗിക ചൂഷണങ്ങളിലേക്ക് നയിച്ചുവെന്നും അവർ അവകാശപ്പെട്ടിരുന്നു. താൻ കൗമാരക്കാരിയായിരിക്കുമ്പോൾ എപ്‌സ്റ്റീനും അയാളുടെ സംഘവും തന്നെ ചൂഷണം ചെയ്തുവെന്ന് ഗിഫ്രെ ആരോപിച്ചിരുന്നു. എപ്‌സ്റ്റീന്‍റെ ചൂഷണങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ട്രംപ് നിഷേധിക്കുമ്പോഴും, എപ്‌സ്റ്റീനും മാര-ലാഗോ സ്പായും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നത് പ്രസിഡന്‍റിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.