
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയവരിലൊരാളെ വെറും കൈയോടെ കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ് വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങള്‍ക്ക് തെറ്റി. ലോകേഷ് കനകരാജ് ചിത്രമായ ലിയോയിലെ വിജയ്‍യെപ്പോലെ അദ്ദേഹത്തിനൊരു ഭൂതകാലമമുണ്ട്. അത് നമ്മൾ കരുതും പോലെ നിസാരവുമല്ല. തന്റെ ജന്മരാജ്യമായ സിറിയയിൽ പൊലീസിലും കേന്ദ്ര സേനയിലും ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു അഹമ്മദ് അൽ അഹമ്മദ്. അക്രമിയെ അഹമ്മദ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴേ ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാത്ത സാധാരണക്കാരന് ചെയ്യാന്‍ സാധിക്കുന്നതല്ല ആ പ്രവൃത്തിയെന്ന്. അതുപോലെ അഹമ്മദ് തോക്കുപിടിക്കുന്ന ശൈലിയും ആളുകള്‍ എടുത്തുപറഞ്ഞു.
2006 ൽ ഓസ്‌ട്രേലിയയിലേക്ക് താമസം മാറുന്നതിന് മുമ്പ് അൽ അഹമ്മദ് സിറിയയിലെ ഇദ്‌ലിബിലെ നയ്റബ് പട്ടണത്തിലാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ കസിൻ മുഹമ്മദ് അൽ അഹമ്മദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 2011ലെ ബഷർ അൽ-അസദ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയതോടെ അൽ അഹമ്മദ് സിറിയ വിട്ടു. ഈ വർഷം മകനോടൊപ്പം താമസിക്കാൻ അൽ അഹമ്മദിന്റെ മാതാപിതാക്കളും സിഡ്‌നിയിലേക്കെത്തി. അൽ അഹമ്മദ് സിറിയയിൽ പൊലീസിലും കേന്ദ്ര സുരക്ഷാ സേനയിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ എന്റെ മകൻ ഓസ്‌ട്രേലിയയുടെ നായകനായതിനാൽ എനിക്ക് അഭിമാനവും ബഹുമാനവും തോന്നുന്നുവെന്ന് ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനു നൽകിയ അഭിമുഖത്തിൽ പിതാവ് മുഹമ്മദ് ഫത്തേഹ് അൽ അഹമ്മദ് പറഞ്ഞു. എന്റെ മകൻ എപ്പോഴും ധീരനായിരുന്നു. ആളുകളെ സഹായിക്കും. സിഡ്നിയിൽ അൽ അഹമ്മദ് പഴങ്ങളും പുകയിലയും വില്‍ക്കുന്ന കട നടത്തുന്നു, മൂന്ന്, ആറ് വയസ്സുള്ള രണ്ട് പെൺമക്കളുടെ പിതാവാണ് അഹമ്മദ്.
നാൽപ്പത്തിനാലുകാരനായ അൽ അഹമ്മദ് ഞായറാഴ്ച വൈകുന്നേരം ഒരു സുഹൃത്തിനെ കാണാനാണ് ബോണ്ടി ബീച്ചിൽ പോയത്. അപ്രതീക്ഷിതമായാണ് ഹനുക്ക ഉത്സവത്തിന്റെ ആദ്യ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ജൂത മതസമ്മേളനത്തിന് നേരെ സാജിദ് അക്രം, നവീദ് അക്രം എന്നിവർ വെടിവെപ്പ് നടത്തിയത്. ഇതിൽ ഒരാളെ അഹമ്മദ് വെറും കൈയോടെ കീഴടക്കി. നിരവധി പേരുടെ ജീവനാണ് അഹമ്മദ് രക്ഷിച്ചത്. അൽ അഹമ്മദ് രണ്ട് കാറുകൾക്കിടയിൽ ഒളിച്ചിരിക്കുകയും പിന്നിൽ നിന്ന് വെടിയുതിർത്തവരിൽ ഒരാളെ പിടിക്കുകയും ചെയ്തു. തുടർന്ന് അയാൾ കൊലയാളിയുടെ തോക്ക് പിടിച്ചുവാങ്ങി അയാൾക്ക് നേരെ ചൂണ്ടി. ഇതിനിടെ അഹമ്മദിനും വെടിയേറ്റു. അക്രമികളിലൊരാൾ ഇപ്പോൾ ചികിത്സയിലാണ്. നിരവധി ജീവൻ രക്ഷിക്കാൻ സഹായിച്ച അദ്ദേഹത്തിന്റെ ഇടപെടൽ അദ്ദേഹത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തി.
കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും സുഖം പ്രാപിക്കാനെന്ന് ഓസ്‌ട്രേലിയൻസ് ഫോർ സിറിയ അസോസിയേഷന്റെ വക്താവ് ലുബാബ അൽഹ്മിദി അൽകഹിൽ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അതേസമയം, അൽ അഹമ്മദിനായി ഓസ്‌ട്രേലിയക്കാർ സ്ഥാപിച്ച ഫണ്ട്‌റൈസിംഗ് പേജ് ഇതിനകം 40,000 ആളുകളിൽ നിന്ന് 2.3 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 14 കോടി രൂപ) സമാഹരിച്ചു.
ലോകമെമ്പാടും നിന്ന് അൽ അഹമ്മദിന് അഭിനന്ദനങ്ങൾ ലഭിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആശുപത്രിയിൽ വെച്ച് അൽ അഹമ്മദിനെ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തെ പ്രശംസിച്ചു. തോക്കുധാരികളുടെ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. പ്രധാന പ്രതിയായ സാജിദ് വെടിയേറ്റ് മരിക്കുകയും പരിക്കേറ്റ നവീദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള സാജിദ് 1998 ൽ ഓസ്‌ട്രേലിയയിലേക്ക് താമസം മാറി. പിന്നീട് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോ എന്ന സ്ത്രീയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി. നവീദ് ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. 24 കാരനായ ഇയാൾക്കെതിരെ ഇപ്പോൾ 15 കൊലപാതകങ്ങൾ ഉൾപ്പെടെ 50 കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam