
ബെയ്‌ജിങ്ങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മൗണ്ട് നാമയിൽ പർവതാരോഹണത്തിനിടെ സേഫ്റ്റി റോപ്പ് അഴിച്ചുമാറ്റി സെൽഫി എടുക്കാൻ ശ്രമിച്ച ഹൈക്കർ താഴ്ച്ചയിലേക്ക് വീണ് മരിച്ചു. ഹോങ് (31) എന്നയാളാണ് ദുരന്തത്തിൽപ്പെട്ടത്. സെപ്റ്റംബർ 25-നാണ് ദാരുണമായ സംഭവം. 18,332 അടി (5,588 മീറ്റർ) ഉയരമുള്ള ഈ പർവതത്തിന്റെ മുകൾഭാഗത്തോട് ചേർന്നാണ് അപകടമുണ്ടായത്. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, കൊടുമുടിക്ക് സമീപമുള്ള മഞ്ഞുമൂടിയ ചരിവിനടുത്ത്, സേഫ്റ്റി റോപ്പ് ഇല്ലാതെ നിൽക്കുന്ന ഹോങ്ങിനെ കാണാം. ബാലൻസ് ക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹോങ്ങിന് കാലിടറി. അടുത്ത നിമിഷം, അയാൾ മലഞ്ചെരുവിലൂടെ താഴേക്ക് വഴുതി വീഴുകയായിരുന്നു.
ഏകദേശം 656 അടിയോളം താഴ്ചയിലേക്കാണ് ഹോങ് വീണതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഹൈക്കിങ് ഗ്രൂപ്പിനൊപ്പമാണ് ഹോങ് പർവതം കയറാൻ പോയത്. കൊടുമുടിക്ക് സമീപം മഞ്ഞുമൂടിയ ചരിവിൽ വെച്ച്, ഫോട്ടോയെടുക്കുന്നതിനായി ഇയാൾ സേഫ്റ്റി റോപ്പ് അഴിച്ചുമാറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഐസ് കോടാലി ഉപയോഗിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. റോപ്പ് അഴിച്ച ശേഷം എഴുന്നേൽക്കുന്നതിനിടെയാണ് ഹോങ് നില തെറ്റി വീഴുന്നത്.
മറ്റ് ഹൈക്കർമാർ സംഭവം കണ്ട് ഭയന്ന് നിലവിളിക്കുന്നത് വീഡിയോയിലുണ്ട്. ഹോങ് ആദ്യമായാണ് ഈ പർവതം സന്ദർശിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. ആവശ്യമായ പെർമിറ്റുകളില്ലാതെയാണ് ഹോങിന്റെ ഗ്രൂപ്പ് ഹൈക്കിംഗ് നടത്തിയതെന്നാണ് വിവരം. ഗോങ്ഗ പർവതനിരയുടെ ഭാഗമായ മൗണ്ട് നാമ, കിഴക്കൻ ടിബറ്റൻ പീഠഭൂമിയിലെ ഒരു ഉയർന്ന പർവതമാണ്.