
തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇപ്പോഴും വാങ് ഫുക് കോർട് കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ ഒരു കെട്ടിടത്തിൻ്റെ 16ാം നിലയിൽ നിന്ന് ഒരാളെ ജീവനോടെ പരിക്കേൽക്കാതെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. കെട്ടിടത്തിൻ്റെ നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ ഗുരുതരമായ അശ്രദ്ധ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകളും ജനലുകളിൽ സ്ഥാപിച്ചിരുന്ന വലകളും മറ്റുമാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് സംശയിക്കുന്നു.
എട്ട് ബ്ലോക്കുകളിലായി 32 നിലകൾ വീതമുള്ള കെട്ടിടങ്ങളിൽ ഏഴ് ബ്ലോക്കുകളിലാണ് തീപിടിച്ചത്. ഒരു ടവറിൽ നിന്ന് തീ അതിവേഗം മറ്റ് ടവറുകളിലേക്ക് പടർന്നത് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടി. 128 ഫയർ ട്രക്കുകളുടെയും 57 ആംബുലൻസുകളുടെയും സഹായത്തോടെ 800-ലധികം അഗ്നിശമന സേനാംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ദുരന്തമുഖത്ത് നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് കരുതപ്പെടുന്നു. ഇതിന് മുൻപ് ഹോങ്കോങിലുണ്ടായ ഏറ്റവും വലിയ തീപിടുത്തം 1996-ൽ 41 പേരുടെ മരണത്തിനിടയാക്കിയ ഗാർലി ബിൽഡിംഗ് തീപിടുത്തമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam