കുറ്റവാളികളെ ചൈനക്ക് കൈമാറില്ല; വിവാദ ബിൽ ഹോങ്കോങ്ങ് മരവിപ്പിച്ചു

By Web TeamFirst Published Jun 15, 2019, 6:51 PM IST
Highlights

ധാരാളം ന്യൂനതകൾ ബില്ലിലുണ്ടായിരുന്നുവെന്നും അത് സമൂഹത്തിൽ ഭിന്നതക്കിടയാക്കിയെന്നും ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം അംഗീകരിച്ചു. ബില്ലിൽ അടുത്ത നീക്കം തീരുമാനിച്ചിട്ടില്ല.

ഹോങ്കോങ്ങ്: കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബിൽ ഹോങ്കോങ് മരവിപ്പിച്ചു. ജനകീയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. ബില്ലിൽ അടുത്ത നീക്കം തീരുമാനിച്ചിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം അറിയിച്ചു. ബിൽ മരവിപ്പിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. പുതിയ തീരുമാനത്തോടെ ഹോങ്കോങിൽ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രത്യാശയെന്ന് അധികൃതർ അറിയിച്ചു.  

ധാരാളം ന്യൂനതകൾ ബില്ലിലുണ്ടായിരുന്നുവെന്നും അത് സമൂഹത്തിൽ ഭിന്നതക്കിടയാക്കിയെന്നും ലാം അംഗീകരിച്ചു. ഹോങ്കോങ് പൗരൻമാരെയും 
ഹോങ്കോങ്ങ് നഗരത്തിലൂടെ സഞ്ചരിക്കുകയോ അവിടെ ജീവിക്കുകയോ ചെയ്യുന്ന വിദേശ പൗരൻമാരെയും കുറ്റം ചുമത്തപ്പെട്ടാൽ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു വിവാദ നിയമഭേദഗതി. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് ഹോങ്കോങ്ങിൽ അരങ്ങേറിയിത്.

പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് ബില്ലിനെതിരായ പ്രക്ഷോഭത്തിൽ അണിനിരന്നത്. യുവാക്കളായിരുന്നു ഈ പ്രതിഷേധക്കാരിൽ ഭൂരിഭാ​ഗവും. കറുത്ത വസ്ത്രം ധരിച്ചാണ് ജനങ്ങൾ പ്രതിഷേധപ്രകടനം നടത്തിയത്. 2014-ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിനാണ് ഈ വിഷയത്തിൽ ഹോങ്കോങ് സാക്ഷിയായത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരായാണ് നിലപാടെടുത്തത്.

ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി. പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ചൈനയുടെ നിലപാട്. 1997-ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്. 

click me!