
കെന്റ് : 1987 -ൽ താൻ രണ്ടു യുവതികളെ വധിച്ച ശേഷം അവരെ ബലാത്സംഗം (rape) ചെയ്തിട്ടുണ്ട് എന്ന കുറ്റസമ്മതവുമായി ആശുപത്രി ഇലക്ട്രീഷ്യൻ (hospital electrician). യുകെയിലെ കിഴക്കൻ സസെക്‌സിൽ ഉള്ള ഡേവിഡ് ഫുള്ളർ എന്ന അറുപത്തേഴുകാരനാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഈ രണ്ടു കൊലകൾക്ക് പുറമെ, നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോർച്ചറിയിൽ വെച്ച് താൻ ലൈംഗിക വേഴ്ചയിൽ (necrophelia)ഏർപ്പെട്ടിട്ടുണ്ട് എന്ന മറ്റൊരു ഞെട്ടിക്കുന്ന തുറന്നു പറച്ചിലും ഇയാൾ നടത്തി.
കെന്റിലെ രണ്ട് ആശുപത്രികളിലെ ജോലിയെടുത്തിരുന്ന കാലത്താണ് അവിടത്തെ മോർച്ചറികളിൽ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി തൻ ബന്ധപ്പെട്ടത് എന്നാണ് ഫുള്ളർ പറയുന്നത്. ബെഡ്സിറ്റ് മർഡർസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങൾ ഡിഎൻഎ പരിശോധനകളിലൂടെ തെളിഞ്ഞതോടെയാണ് അതിൽ കുറ്റാരോപിതനായ ഫുള്ളർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇയാളുടെ ഉമിനീരിന്റെയും, ശുക്ളത്തിന്റെയും സാന്നിധ്യം കൊലചെയ്യപ്പെട്ട മിസ്. നെല്ലിന്റെ കിടക്കയിൽ നിന്നും മറ്റും കണ്ടെടുക്കപ്പെട്ടിരുന്നു. കൊല ചെയ്യപ്പെട്ട രണ്ടാമത്തെ യുവതിയായ മിസ്. പിയേഴ്സിന്റെ ജീൻസിലും ഇതേ ഡിഎൻഎയുടെ സാന്നിധ്യം സംശയാതീതമായി തെളിയിക്കപ്പെടുകയുണ്ടായി.
ഈ കണ്ടെത്തലുകളെ തുടർന്ന് ഫുള്ളർ അറസ്റ്റു ചെയ്യപ്പെടുന്നു. പിന്നാലെ അയാളുടെ അപ്പാർട്ട്മെന്റിൽ നടന്ന പൊലീസ് പരിശോധനയിൽ അവിടെ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും അശ്‌ളീല ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വൻ കളക്ഷൻ തന്നെ ഫ്ലോപ്പിഡിസ്‌ക്, ഹാർഡ് ഡിസ്ക്, ഡിവിഡി, സിഡി, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ രൂപത്തിൽ കണ്ടെടുക്കപ്പെട്ടിരുന്നു. വീട്ടിലെ ഒരു രഹസ്യ അലമാരയ്ക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്തിരുന്നത് സൂക്ഷിച്ചിരുന്നു. അതും പൊലീസ് കണ്ടെടുത്തതോടെ കുറ്റം സമ്മതിക്കുകയല്ലാതെ അയാൾക്ക് വേറെ നിവൃത്തിയില്ലാതെയായി. ഈ ഹാർഡ് ഡ്രൈവുകളിൽ ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട മൃതദേഹങ്ങൾ ഓരോന്നിന്റെയും പേരിൽ ഓരോ ഫോൾഡറുകൾ ഉണ്ടാക്കി ആയിരുന്നു ഇയാൾ തന്റെ ട്രോഫി വീഡിയോകൾ ശേഖരിച്ചു വെച്ചിരുന്നത്. 2008 മുതൽ 2020 വരെ നടന്ന ഈ മൃതദേഹ രതിയിൽ മൂന്നു കുട്ടികളുടെ മൃതദേഹങ്ങളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. ഇരുപതോളം പെൺകുട്ടികളെ തിരിച്ചറിയാൻ പോലും പൊലീസിന് സാധിച്ചിട്ടില്ല.
1987 മുതൽക്കിങ്ങോട്ട് കെന്റ് ഭാഗത്തെ പല ആശുപത്രികളിലും ഇയാൾ ഇലക്ട്രീഷ്യനായി തൊഴിലെടുത്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഇയാൾ, മറ്റുള്ള സ്റ്റാഫ് എല്ലാം ഉറക്കം പിടിച്ച ശേഷമാണ് മോർച്ചറിയുടെ സ്പെയർ കീ ഉപയോഗിച്ച് അകത്തു കടന്നിരുന്നതും അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടിരുന്നതും. പലപ്പോഴും, ഒരേ മൃതദേഹങ്ങളെ തന്നെ ഒന്നിലധികം പ്രാവശ്യം ഇയാൾ ദുരുപയോഗം ചെയ്തിരുന്നു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സൈക്കളിംഗ് ഭ്രമം ഉണ്ടായിരുന്ന ഫുള്ളർ, തന്റെ സവാരികൾക്കിടയിൽ കണ്ടുവെക്കുന്ന വീടുകളിൽ 30 -ലധികം തവണ മോഷണങ്ങളും നടത്തിയിട്ടുണ്ട്. ഇത്രയധികം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടും, അറുപത്തേഴു വയസ്സാവും വരെയും ഒരിക്കൽ പോലും അയാൾ പിടിക്കപ്പെട്ടിട്ടില്ല എന്നതും അതിശയകരമായ സംഗതിയാണ്. ഫുള്ളാർക്കെതിരായ കേസുകളുടെ വിചാരണ ഇപ്പോഴും കോടതിയിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam