
റിയാദ്: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങൾ യെമനിലെ ഹൂതി വിമതർ പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയിൽ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഹൂതികളുടെ അവകാശവാദം. ഹൂതികൾ പുറത്തുവിട്ട നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിമാനം ലക്ഷ്യമിടുന്ന ദൃശ്യങ്ങളും പിന്നീട് വിമാനം തകർന്ന് കത്തിയമർന്നതിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ആയുധങ്ങളേന്തിയ ഹൂതി ഫൈറ്റർമാർ നിൽക്കുന്നതും കാണാം.
പ്രാദേശികമായി നിർമ്മിച്ച മിസൈൽ ഉപയോഗിച്ചാണ് സൗദി വിമാനം വീഴ്ത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യാഹ്യാ സാരീ പ്രസ്താവനയിൽ അവകാശപ്പെട്ടു. തങ്ങളുടെ വ്യോമപരിധിയിൽ അതിക്രമിച്ചു കയറി ശത്രുതാപരമായ നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. തകർന്നുവീണ വിമാനത്തിന്റെ പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
مشاهد نوعية لإسقاط طائرة مقاتلة سعودية من نوع F15 وحطامها في محافظة مأرب - 16 سبتمبر 2026م pic.twitter.com/rk0suliePT
— الإعلام الحربي اليمني (@MMY1444) September 16, 2026
അതേസമയം ഹൂതികളുടെ അവകാശവാദം ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തോട് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. യെമൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ശക്തമാകുന്നതിനിടയിലാണ് ഈ പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്. നേരത്തെ മക്കയ്ക്ക് സമീപം ഹൂതികളുടെ ഡ്രോൺ തകർത്തതായി സൗദി സഖ്യസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി വിമാനം വെടിവെച്ചിട്ടതായി ഹൂതികൾ രംഗത്തുവന്നത്.
അതിനിടെ, മക്കയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി അറേബ്യ ആരോപിച്ചെങ്കിലും ആ അവകാശവാദം ഹൂതി വിമതർ പൂർണമായും തള്ളിക്കളഞ്ഞു. മക്കയെ ലക്ഷ്യമിട്ട് യാതൊരുവിധ നീക്കവും നടത്തിയിട്ടില്ലെന്നും തങ്ങളുടെ സൈനിക നടപടികൾ സൗദിയിലെ സൈനിക കേന്ദ്രങ്ങളെയും എണ്ണക്കമ്പനികളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹൂതി വക്താവ് യാഹ്യാ സാരീ പ്രസ്താവിച്ചത്. സൗദി സഖ്യസേന നടത്തുന്ന ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമായ പച്ചക്കള്ളമാണെന്നും ഹൂതികൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam