ഒരു പിസ്റ്റളും അൽപം ഭക്ഷണവും ലൊക്കേറ്റർ ബീക്കണും,നേവി സീൽ ടീം സിക്സ് ഇറങ്ങിയ റസ്ക്യൂ, ഇറാനിൽ നിന്ന് എഫ് 15 ഈഗിൾ പൈലറ്റിനെ രക്ഷിച്ചത് ഇങ്ങനെ

Published : Apr 05, 2026, 06:13 PM IST
us f15 rescue mission iran special forces trump fighter jet crew saved combat search operation middle east conflict

Synopsis

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏകദേശം 7000 അടി ഉയരമുള്ള ഒരു മലനിരയിലേക്ക് അദ്ദേഹം കയറി. ഇത് ഒളിച്ചിരിക്കാൻ സഹായകമായെങ്കിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഒരു ഹോളിവുഡ് സിനിമയെ വെല്ലുന്ന അതിജീവനത്തിന്റെ കഥയാണ് ഇറാൻ വെടിവച്ച് വീഴ്ത്തിയ അമേരിക്കൻ സൈനിക വിമാനത്തിലെ പൈലറ്റിന്റേത്. ഇറാനകത്ത് ശത്രുക്കളുടെ കണ്ണുവെട്ടിച്ച് രണ്ട് ദിവസത്തോളം കഴിച്ചുകൂട്ടിയ അമേരിക്കൻ പൈലറ്റിനെ അതിസാഹസികമായ ഒരു സൈനിക നീക്കത്തിലൂടെ അമേരിക്ക രക്ഷപ്പെടുത്തുകയായിരുന്നു. എഫ് 15 ഈഗിൾ യുദ്ധവിമാനം തകർന്നതിന് പിന്നാലെയാണ് പൈലറ്റ് പുറത്തേക്ക് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടത്. മുതിർന്ന കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ ഈഗിൾ വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് ഇറാനിൽ യുദ്ധത്തിനിടെ കുടുങ്ങിയത്. ഇറാനകത്ത് പൈലറ്റ് പാരച്യൂട്ടുമായാണ് ഇറങ്ങിയത്. ഒരു പിസ്റ്റളും കുറച്ച് ഭക്ഷണവും ഒരു ലൊക്കേറ്റർ ബീക്കണും സുരക്ഷിതമായി ആശയവിനിമയം നടത്താനുള്ള ഒരു ഉപകരണവും മാത്രമായിരുന്നു ഈ പൈലറ്റിന്റെ കയ്യിലുണ്ടായിരുന്നത്. സൈനിക പരിശീലനത്തിൽ പഠിച്ച പാഠങ്ങൾ അദ്ദേഹം കൃത്യമായി ഉപയോഗിച്ചതാണ് ഇറാനിൽ നിന്ന് സുരക്ഷിതമായി പുറത്ത് വരാൻ പൈലറ്റിന് സഹായകമായത്. വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് എത്രയും പെട്ടെന്ന് ദൂരെക്ക് മാറി. ശത്രുക്കൾ ആദ്യം എത്തുക അവിടേക്കായിരിക്കുമെന്ന് പൈലറ്റിന് അറിയാമായിരുന്നു. പിന്നീട് മലനിരകളിലെ ഒരു വിടവിൽ കയറി ഒളിക്കുകയായിരുന്നു ഈഗിൾ പൈലറ്റ് ചെയ്തത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏകദേശം 7000 അടി ഉയരമുള്ള ഒരു മലനിരയിലേക്ക് അദ്ദേഹം കയറി. ഇത് ഒളിച്ചിരിക്കാൻ സഹായകമായെങ്കിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ദുർഘടമായ പ്രദേശം ഒരേസമയം അദ്ദേഹത്തിന് രക്ഷാകവചവും വെല്ലുവിളിയുമായി മാറി.പൈലറ്റ് അതിജീവനത്തിനായി പോരാടുമ്പോൾ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അടക്കമുള്ള സേനകൾ ശത്രു പൈലറ്റിനായി വലിയ രീതിയിലുള്ള തെരച്ചിൽ തുടങ്ങി. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാധാരണക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. ഇതോടെ തിരച്ചിൽ വ്യാപകമായി.

അപകടം മുന്നിൽക്കണ്ടിട്ടും തന്റെ ലൊക്കേഷൻ ബീക്കൺ അമേരിക്കൻ പൈലറ്റ് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചുള്ളൂ. ലൊക്കേഷൻ ബീക്കണിന്റെ സിഗ്നലുകൾ ശത്രുക്കൾക്ക് കണ്ടെത്താനാകുമെന്നതായിരുന്നു ഇതിന് കാരണം. ഇതിന് പകരം അമേരിക്കൻ സേനയുമായി ബന്ധപ്പെടാൻ എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെയാണ് ഈഗിൾ പൈലറ്റ് ആശ്രയിച്ചത്. ഇത് അദ്ദേഹത്തിന്റെ ലൊക്കേഷൻ പുറത്തറിയാതെ കൃത്യമായി ട്രാക്ക് ചെയ്യാൻ അമേരിക്കൻ സേനയെ സഹായിച്ചു. ശത്രുപാളയത്തിൽ അതിജീവിക്കാനുള്ള സൈനികരുടെ പ്രത്യേക പരിശീലനമായ SERE എത്രത്തോളം ഫലപ്രദമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. പൈലറ്റ് ഒളിവിൽ കഴിയുന്ന സമയത്ത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇറാനിയൻ സേനയെ വഴിതെറ്റിക്കാൻ പദ്ധതികൾ നടപ്പിലാക്കിയെന്നാണ് റിപ്പോർട്ട്. കാണാതായ പൈലറ്റിനെ കണ്ടെത്തിയെന്നും മറ്റൊരിടത്തേക്ക് മാറ്റിയെന്നും അവർ വ്യാജ പ്രചാരണം നടത്തി.

ഈ തന്ത്രം ഫലിച്ചു. ഇറാനിയൻ സേനയുടെ ശ്രദ്ധ യഥാർത്ഥ സ്ഥലത്തുനിന്ന് മാറി. ഇത് രക്ഷാദൗത്യം പ്ലാൻ ചെയ്യാനും നടപ്പാക്കാനും അമേരിക്കൻ സേനയ്ക്ക് ആവശ്യമായ സമയം നൽകി. ഇതിനിടെ, പൈലറ്റിന്റെ ഒളിത്താവളത്തിന് അടുത്തേക്ക് വന്ന ഇറാനിയൻ വാഹനവ്യൂഹത്തിന് നേരെ അമേരിക്കൻ വിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയതോടെ വൻ സന്നാഹങ്ങളോടെ രക്ഷാദൗത്യം ആരംഭിച്ചു. പ്രത്യേക കമാൻഡോകളും വിമാനങ്ങളും അടങ്ങുന്ന വലിയൊരു സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. നേവി സീൽ ടീം സിക്സ് അടക്കമുള്ള എലൈറ്റ് യൂണിറ്റുകൾ ഈ ദൗത്യത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സാഹസികമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണിതെന്നാണ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

ദൗത്യത്തിനിടെ ഇറാനിയൻ സൈന്യത്തെ തുരത്താൻ അമേരിക്കൻ സേനയ്ക്ക് ആക്രമണം നടത്തേണ്ടി വന്നു. ഈ ഓപ്പറേഷനിൽ തങ്ങൾക്ക് ആൾനാശമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ പൈലറ്റിനെ സുരക്ഷിതമായി ഇറാന് പുറത്തെത്തിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്തപ്പോഴും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പരിക്കേറ്റെങ്കിലും ഈഗിൾ പൈലറ്റ് സുഖം പ്രാപിച്ചുവരികയാണെന്ന് യുഎസ്അ ധികൃതർ അറിയിച്ചു. കഠിനമായ സാഹചര്യങ്ങളിൽ ഒരു സൈനികന്റെ അതിജീവനത്തിനായുള്ള പോരാട്ടം, ശത്രുവിനെ കബളിപ്പിക്കാനുള്ള രഹസ്യാന്വേഷണ തന്ത്രങ്ങൾ, വൻ സൈനിക ശക്തി ഉപയോഗിച്ചുള്ള രക്ഷാദൗത്യം എന്നിവയടക്കം ആധുനിക യുദ്ധത്തിന്റെ പല മുഖങ്ങൾ തുറന്നുകാട്ടുന്നതാണ് ഈ സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിന് നേരെ ഇറാന്‍റെ വ്യാപക ആക്രമണം; കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍റെ ആസ്ഥാനവും വൈദ്യുതി നിലയങ്ങളും ആക്രമിച്ചു
പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി