
ഏഴ് മാസം കൊണ്ട് വെയർഹൗസിൽ നിന്ന് പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരനെതിരെ കമ്പനി നിയമനടപടിയിലേക്ക്. ഐഫോണുകളും മാക്ബുക്കുകളും ആപ്പിൾ വാച്ചുകളും ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങളാണ് 30 വയസുകാരൻ ജോലി സ്ഥലത്തു നിന്ന് മോഷ്ടിച്ചത്. പിന്നീട് ഇവയെല്ലാം മറിച്ചുവിൽക്കുകയും ചെയ്തു.
കാനഡയിൽ ആപ്പിൾ ഉത്പങ്ങളുടെ വിതരണ ശൃംഖലയൊരുക്കുന്ന കമ്പനിയായ യുപിഎസിലെ സോർട്ടിങ് സൂപ്പർവൈസറാണ് കുറഞ്ഞ സമയം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ കമ്പനി ഗോഡൗണിൽ നിന്ന് മോഷ്ടിച്ച് വിറ്റത്. 30 വയസുകാരനായ ഓർവിൽ ബെൽട്രാനോക്കെതിരെയാണ് ആരോപണം. മോഷണം, മോഷണ വസ്തുക്കളുടെ കള്ളക്കടത്ത്, മോഷണ വസ്തുക്കൾ കൈവശം വെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ അന്വേഷണ ഏജൻസി ചുമത്തിയിരിക്കുന്നത്.
2023 ജൂലൈ മുതൽ 2024 ജനുവരി വരെയുള്ള സമയത്ത് വൻതോതിൽ സാധനങ്ങൾ മോഷ്ടിച്ച്, ഓൺലൈനിലൂടെ പരിചയപ്പെട്ട ഒരാൾക്ക് വിറ്റുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അസാധരാണമായ എണ്ണം സാധനങ്ങൾ ദിവസവും വെയർഹൗസിൽ നിന്നാണ് കാണാതായതാണ് കമ്പനിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ വെയർഹൗസിൽ നിന്ന് ഇയാൾ ഐഫോണുകളും മാക്ബുക്കുകളും എടുത്തുകൊണ്ട് തന്റെ ഓഫീസിലേക്ക് പോകുന്നതായും പിന്നീട് അവ കാറിലേക്ക് മാറ്റുന്നതായും കണ്ടെത്തി. ഒരു ഷിഫ്റ്റിൽ മാത്രം 120 ഐഫോണുകൾ നഷ്ടമായെന്നാണ് കമ്പനിയുടെ കണക്ക്. പിന്നീട് പരിശോധിച്ചപ്പോൾ ഇയാൾ ജോലിയിലുണ്ടായിരുന്ന ഷിഫ്റ്റുകളിൽ മാത്രമാണ് സാധനങ്ങൾ നഷ്ടമായതെന്ന് തെളിഞ്ഞു.
സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ പ്രതി, വൻതുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായും ആഡംബര സൗകര്യങ്ങളുള്ള വീടും ഓഡി കാറുമൊക്കെ സ്വന്തമാക്കികയതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ളവ കണ്ടെത്തി. 11 വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ജനുവരി 22നാണ് പിരിച്ചുവിടപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam