പറക്കുന്നതിനിടയില്‍ കൂട്ടത്തോടെ നിലത്ത് വീണ് തത്തകള്‍ ചാവുന്നു; കൊറോണയ്ക്ക് സമാനമായ വൈറസ് ബാധയെന്ന് സംശയം

By Web TeamFirst Published May 1, 2020, 11:05 PM IST
Highlights

പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുന്ന സ്ഥിതിയാണ് ബ്രിസ്ബേനിലുള്ളത്

സിഡ്നി: ഓസ്ട്രേലിയയില്‍ പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. കൂട്ടമായി പറക്കുന്നവ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്.  ഒന്നും രണ്ടുമല്ല നൂറ് കണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്തിട്ടുള്ളത്. 


കൊറോണ വൈറസിന് സമാനമായ വൈറസാണ് ഇത്തരത്തില്‍ പഞ്ചനവര്‍ണതത്തയുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതാനും ദിവസങ്ങളായി ഓസ്ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുന്ന സ്ഥിതിയാണ് ബ്രിസ്ബേനിലുള്ളത്.

ഭ്രാന്ത് പിടിച്ചത് പോലെ തത്തകള്‍ പരസ്പരം കൊത്തിവലിക്കുന്നു അതിന് ശേഷം ചത്ത് വീഴുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നത്. ശ്വാസം മുട്ടിയാണ് പക്ഷികള്‍ക്ക് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മരച്ചില്ലകളില്‍ ഇരിപ്പുറപ്പിക്കാന്‍ പോലുമാവാതെയാണ് ചില തത്തകള്‍ നിലത്തേക്ക് വീഴുന്നത്. കൂട്ടം കൂടി പറക്കുന്നതിനിടയില്‍ തത്തകള്‍ക്കിടയില്‍ വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മനുഷ്യരെ കുഴപ്പത്തിലാക്കിയ കൊറോണ വൈറസിനോട് സമാനതകളുള്ളതാണ് ഈ വൈറസെന്നാണ് ഗ്രിഫിറ്റ് സര്‍വ്വകലാശാലയിലെ ഡാറില്‍ ജോണ്‍സ് പ്രതികരിക്കുന്നത്. ഈ സാഹചര്യം ആശങ്കാകരമാണെന്ന് ഡാറില്‍ വിശദമക്കുന്നു. വൈറസ് ബാധ മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമൊഴിവാക്കാന്‍ തത്തകള്‍ക്ക് ആരും തീറ്റ നല്‍കരുതെന്നാണ് നിര്‍ദേശം. 

click me!