
തൊഴിലിടത്തിലെ ക്രൂരത തുറന്നുകാട്ടി ജീവനക്കാരനും മാനേജരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ്. ബൈക്ക് അപകടത്തെ തുടർന്ന് കാലൊടിഞ്ഞ ജീവനക്കാരൻ അവധി ചോദിച്ചപ്പോൾ ജോലിക്ക് കയറാനാണ് മാനേജർ ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള ചാറ്റ്, എത്ര മനുഷ്യത്വ വിരുദ്ധമായ തൊഴിലിടമാണ് അതെന്ന് വ്യക്തമാക്കുന്നു. ജോലി സ്ഥലങ്ങളിലെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കുറിപ്പുകളിടാറുള്ള ബെൻ ആസ്കിൻസാണ് "കാലൊടിഞ്ഞോ, വിഷമിക്കേണ്ട, നിനക്കിരിക്കാൻ ഞാനൊരു കസേര തരാം" എന്ന അടിക്കുറിപ്പോടെ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്.
മാനേജർ സംഭാഷണം ആരംഭിക്കുന്നത് വളരെ മാന്യമായാണ്. എവിടെയാണ്, എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ബൈക്ക് അപകടത്തിൽ കാലൊടിഞ്ഞെന്നും ആശുപത്രിയിലാണെന്നും ജീവനക്കാരൻ മറുപടി നൽകി. എന്നാൽ ജീവനക്കാരന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടുന്നതിന് പകരം വെള്ളിയാഴ്ചയോടെ ജോലിക്ക് കയറാനാണ് മാനേജർ ആവശ്യപ്പെട്ടത്.
ഡോക്ടർ കുറച്ചു ദിവസം വിശ്രമം നിർദേശിച്ചിട്ടുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു. എന്നാൽ ഡോക്ടർമാർ അനാവശ്യ ജാഗ്രത പുലർത്തുകയാണെന്നായിരുന്നു മാനേജരുടെ മറുപടി. "വെള്ളിയാഴ്ച ഷിഫ്റ്റിൽ എനിക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങൾക്കിരിക്കാനുള്ള കസേര ഞാൻ തരാം" എന്നും മാനേജർ പറഞ്ഞു. തന്‍റെ അവസ്ഥ വിനയത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ജീവൻക്കാരൻ ശ്രമിച്ചപ്പോൾ മാനേജർ കുറ്റപ്പെടുത്താൻ തുടങ്ങി. രണ്ടാഴ്ച മുമ്പല്ലേ ജോലിയിൽ ചേർന്നതെന്നും എന്നിട്ട് ഇത്ര വേഗം അവധി ചോദിക്കുകയാണോ എന്നും ചോദിച്ചു.
ഒടുവിൽ മറ്റ് വഴിയില്ലാതെ ജീവനക്കാരൻ ഇങ്ങനെ മറുപടി നൽകി- "എങ്കിൽ ഞാൻ നിങ്ങളുടെ ജോലി കൂടുതൽ എളുപ്പമാക്കിത്തരാം. ഞാൻ ജോലി രാജിവയ്ക്കുകയാണ്". എവിടെയാണ് ഈ സംഭവം നടന്നതെന്നോ ആരാണാ ക്രൂരനായ മാനേജരെന്നോ പോസ്റ്റിൽ പറയുന്നില്ല.
ഈ പോസ്റ്റ് വളരെ വേഗം വൈറലായി. നിരവധി പേർ സമാന അനുഭവം പങ്കുവച്ചു. ഒരു വാഹനാപകടത്തിന് ശേഷം തനിക്ക് അക്ഷരാർത്ഥത്തിൽ സംഭവിച്ചത് ഇതാണെന്നാണ് ഒരു കമന്‍റ്. 'നിങ്ങൾക്ക് ഇരിക്കാൻ കഴിയുന്ന ഒരു കസേര ഞാൻ നിങ്ങൾക്ക് വാങ്ങിത്തരാം' എന്നാണ് മാനേജർ പറഞ്ഞതെന്ന് ഒരാൾ കുറിച്ചു. എന്നാൽ മറ്റു ചിലർ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ആശ്ചര്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam