
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ താൻ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യുമെന്ന് പാകിസ്ഥാനി രാഷ്ട്രീയ നേതാവ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേര്‍ക്ക് ജീവൻ നഷ്ടമായ ഭീകരാക്രമണം നടന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടെയാണ് പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലെ അംഗമായ ഷെർ അഫ്സൽ ഖാൻ മർവതിന്‍റെ പ്രതികരണം.
ഇന്ത്യയുമായി യുദ്ധമുണ്ടായാൽ തോക്കുമായി അതിർത്തിയിലേക്ക് പോകുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ താൻ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഷെര്‍ അഫ്സൽ മർവത് മറുപടി നൽകി. സംഘർഷം ലഘൂകരിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോകണമോ എന്ന് ചോദിച്ചപ്പോൾ 'മോദി എന്‍റെ അമ്മായിയുടെ മകനാണോ, ഞാൻ പറഞ്ഞാൽ ഉടൻ പിൻവാങ്ങാൻ?' എന്നും ഷെർ അഫ്സല്‍ പരിഹാസരൂപേണ ചോദിച്ചു.
ഷെർ അഫ്സൽ ഖാന്‍റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പാകിസ്ഥാനി രാഷ്ട്രീയക്കാർക്ക് പോലും അവരുടെ സൈന്യത്തെ വിശ്വാസമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അംഗമായിരുന്നു മർവത്. എന്നാല്‍, പാർട്ടിയെയും നേതൃത്വത്തെയും തുടർച്ചയായി വിമർശിച്ചതിനെത്തുടർന്ന് ഇമ്രാൻ ഖാൻ ഷെർ അഫ്സൽ ഖാനെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam